കൈകാലുകള്‍ ബന്ധിച്ച നിലയില്‍, കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍
|.മൃതദേഹം കാണാതായ തങ്ങളുടെ മകളുടേതാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു
കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ശരവണംപട്ടിക്കു സമീപമാണ് സംഭവം. ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേത്തുടര്‍ന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളില്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ ശരവണംപട്ടി പൊലീസില്‍ പരാതി നല്കി.
അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട ചാക്കുകെട്ടില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോള്‍ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തി.
മൃതദേഹം കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു.മൃതദേഹം കാണാതായ തങ്ങളുടെ മകളുടേതാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.