India
യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയോധ്യയിൽ തുടക്കമിട്ട് ഉവൈസി
India

യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയോധ്യയിൽ തുടക്കമിട്ട് ഉവൈസി

Web Desk
|
7 Sep 2021 4:04 PM GMT

അയോധ്യയിലെ രുദോളിയില്‍ സൂഫി ഗുരു ശൈഖ് ആലം മഖ്ദൂം സാദയുടെ ഖബറിടം സന്ദര്‍ശിച്ചായിരുന്നു എംഐഎം പ്രചാരണത്തിന് തുടക്കം കുറിച്ചത്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാംപയിനിന് അയോധ്യയിൽ തുടക്കമിട്ട് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എഐഎംഐഎം). ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുപി മുസ്‍ലിംകൾ ജയിക്കുന്നതു കാണാമെന്നും പ്രചാരണ പരിപാടിക്കായി ലഖ്‌നൗവിലെത്തിയ പാർട്ടി തലവൻ അസദുദ്ദീൻ ഉവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര നേതൃത്വവും ശബ്ദങ്ങളും യുപിയിലുണ്ടാകേണ്ടതുണ്ട്. എല്ലാ ജാതിവിഭാഗക്കാർക്കും യുപിയിൽ അവരുടേതായ രാഷ്ട്രീയ നേതൃത്വമുണ്ട്. എന്നാൽ മുസ്‍ലിംകളുടെ, പ്രത്യേകിച്ചും ഒബിസി മുസ്‍ലിംകളുടെ കാര്യം വരുമ്പോൾ വർഗീയത വളരുമെന്നാണ് എല്ലാവരും പറയുന്നത്. എസ്‍പിയും ബിഎസ്‍പിയും സഖ്യം ചേർന്നിട്ടും ബിജെപി ഇവിടെ ജയിച്ചിട്ടുണ്ട്-ഉവൈസി കൂട്ടിച്ചേർത്തു.

അയോധ്യ ജില്ലയിലെ രുദോളിയില്‍ സൂഫി ഗുരു ശൈഖ് ആലം മഖ്ദൂം സാദയുടെ ഖബറിടം സന്ദര്‍ശിച്ചായിരുന്നു അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിൽ എംഐഎം പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് തൊട്ടടുത്തുള്ള പൊതുയോഗത്തിലും ഉവൈസി സംസാരിച്ചു. മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം അടുത്ത ദിവസങ്ങളില്‍ പ്രചാരണത്തിന്‍റെ ഭാഗമായി സുൽത്താൻപൂരിലും ബാരാബങ്കിയിലുമെത്തുന്നുണ്ട്.

അയോധ്യയിലേത് തുടക്കം മാത്രമാണെന്നും അടുത്ത മാസങ്ങളിലായി കൂടുതൽ മേഖലകളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുമെന്നും കഴിഞ്ഞ ദിവസം ഉവൈസി വ്യക്തമാക്കിയിരുന്നു. സമാജ്‍വാദി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. എംഐഎം സഖ്യത്തിന് തയാറാണെന്നും അഖിലേഷാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഉവൈസി വ്യക്തമാക്കി.

Similar Posts