‘നിങ്ങളെ വെട്ടി കുഴിച്ചുമൂടും’; മുസ്ലിംകൾക്കെതിരെ കൊലവിളി പ്രസംഗവുമായി മിഥുൻ ചക്രവർത്തി
|ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം
കൊൽക്കത്ത: മുസ്ലിംകളെ ലക്ഷ്യമിട്ട് കൊലവിളി പ്രസംഗവുമായി മുൻ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുൻ ചക്രവർത്തി. നിങ്ങളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു പ്രസംഗം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കൊലവിളി പ്രസംഗം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീർ പ്രകോപനപരാമയ പ്രസ്താവന നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മിഥുൻ ചക്രവർത്തിയുടെ പ്രസംഗം. പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾക്ക് നേരെ കബീർ ആക്രമണ ഭീഷണി മുഴക്കുകയാണെന്ന് മിഥുൻ ആരോപിച്ചു.
‘ഹുമയൂൺ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജി എന്തെങ്കിലും പറയുമെന്ന് കരുതി. എന്നാൽ, അവർ അത് ചെയ്തില്ല. അതുകൊണ്ട് ഇപ്പോൾ ഞാൻ പറയുന്നു, ഞങ്ങൾ അവരെ വെട്ടിയിട്ട് മണ്ണിനടിയിൽ കുഴിച്ചും’ -മിഥുൻ ചക്രവർത്തി പറഞ്ഞു.
ഞങ്ങളുടെ മരത്തിൽനിന്ന് ഒരു പഴം മുറിച്ചാൽ പകരം നിങ്ങളുടെ നാല് പഴങ്ങൾ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാൽ മൃതദേഹം (മുസ്ലിംകളുടെ) അവിടെ സംസ്കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാൻ തങ്ങൾ എന്തും ചെയ്യുമെന്നും മിഥുൻ ചക്രവർത്തി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഈ സമയത്ത് അമിത് ഷാ ചിരിക്കുന്നുണ്ടായിരുന്നു. ചടങ്ങിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, പശ്ചിമ ബംഗാൾ പ്രസിഡന്റ് സുഗന്ധ മജുംദാർ എന്നിവരുമുണ്ടായിരുന്നു. പ്രസംഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.
2024ൽ ദാദസാഹബ് ഫാൽകെ അവാർഡ് നേടിയ മിഥുൻ 1976ലെ മൃണാൾ സെന്നിന്റെ മൃഗയയിലൂടെയാണ് സിനിമാ രംഗത്തേക്ക് വരുന്നത്. സിനിമാ താരമാകും മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയ മേഖലയിലുണ്ട്. സിപിഎം പിന്തുണയോടെയുള്ള നക്സലൈറ്റ് പ്രസ്ഥാനത്തിലായിരുന്നു ആദ്യകാല പ്രവർത്തനം. പിന്നീട് രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി. ഈയിടെയാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്.