മിസോറാമിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസും ബി.ജെ.പിയും
|കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, ശശി തരൂർ എന്നിവർ മിസോറാം പ്രചാരണത്തിന് എത്തും
ഐസ്വാള്‍: മിസോറാമിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസും ബി.ജെ.പിയും. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, ശശി തരൂർ എന്നിവർ മിസോറാം പ്രചാരണത്തിന് എത്തും.അതേസമയം സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം വാഗ്ദാനം ചെയ്ത് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി .
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്നത്.നവംബർ 3, 4 തീയതികളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ശശി തരൂരും മിസോറം സന്ദർശിക്കുമെന്നാണ് സൂചന.എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരെ രംഗത്തിറക്കാനാണ് ബി.ജെ.പി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ 30ന് സംസ്ഥാനത്തെത്തും.. അതിനിടെ നിരവധി വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി.
എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്നും മിസോറം സ്പോർട്സ് അക്കാദമിയിലും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്നുമാണ് ബി.ജെ.പി വാഗ്ദാനം.അതേ സമയം മണിപ്പൂർ വിഷയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.നവംബർ 7 നാണ് മിസോറാം ഇലക്ഷൻ നടക്കുന്നത്. മിസോ നാഷണൽ ഫ്രണ്ട് ,സോറാം പീപ്പിൾസ് മൂവ്മെന്റ് കോൺഗ്രസ്, എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബി.ജെ.പി 23 സ്ഥാനാർത്ഥികളെ മാത്രമാണ് നിർത്തിയിരിക്കുന്നത്.