കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം സമ്മാനം; സ്റ്റാലിന്റെ 70-ാം പിറന്നാൾ ആഘോഷമാക്കാൻ ഡി.എം.കെ
|സ്റ്റാലിൻ ഫോട്ടോ പ്രദർശനം മക്കൾ നീതി മയ്യം തലവനും നടനുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സപ്തതി ആഘോഷങ്ങൾക്ക് വൻ ഒരുക്കങ്ങളുമായി ഡി.എം.കെ. സ്റ്റാലിന്റെ 70-ാം പിറന്നാൾദിനമായ മാർച്ച് ഒന്നിന് വേറിട്ട പരിപാടികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. ഇതേ ദിവസം പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവിധ ക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷ ചടങ്ങ് പ്രതിപക്ഷ ഐക്യവിളംബരം കൂടിയാകും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജമ്മു കശ്മിർ നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ ഡി.എം.കെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, ട്രഷറൽ ടി.ആർ ബാലു എന്നിവർ നേതാവിന് പ്രത്യേക അനുമോദനങ്ങൾ അർപ്പിക്കും. മാർച്ച് ഒന്നിന് ചെന്നൈയിൽ സ്റ്റാലിൻ ഫോട്ടോ പ്രദർശനം മക്കൾ നീതി മയ്യം തലവനും നടനുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും.
മാർച്ച് ഒന്നിനു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം, കർഷകർക്ക് വൃക്ഷത്തൈ, രക്തദാന ക്യാംപുകൾ, വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ, സമൂഹസദ്യ, മധുരവിതരണം, നേത്രപരിശോധന അടക്കം സംസ്ഥാനവ്യാപകമായി വൻ ക്ഷേമപരിപാടികളും ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ്, കബഡി ടൂർണമെന്റുകളും മാരത്തണുകളും നടക്കും. സംവാദ മത്സരവും പാർട്ടി പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
Summary: DMK to celebrate the 70th birthday of the party president and Tamil Nadu CM MK Stalin on March 1 with mega programs including public function, gift of gold rings to new-born babies, welfare programmes, public meetings and sporting events