India
Lok Sabha Elections: DMK, AIADMK Announces Candidates
India

ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ ആയുധം; നുണപ്രചാരണത്തിന് അണ്ണാഡിഎംകെ ആളുകളെ വാടകയ്ക്കെടുക്കുന്നു; എം.കെ സ്റ്റാലിൻ

Web Desk
|
1 Oct 2023 5:37 AM GMT

മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെയും സ്റ്റാലിൻ രൂക്ഷ വിമർശനമുന്നയിച്ചു.

ചെന്നൈ: ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധമെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ശരിയായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം ബിജെപി പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെയും സ്റ്റാലിൻ രൂക്ഷ വിമർശനമുന്നയിച്ചു. 1956ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചെന്ന പരാമർശത്തിനെതിരെയായിരുന്നു വിമർശനം.

'അണ്ണാദുരൈ തേവർ സമുദായത്തിലെ കുലപതിയായ മുത്തുരാമലിംഗ തേവരോട് മാപ്പ് പറഞ്ഞതായി അണ്ണാമലൈ പറയുന്നു. യഥാർഥത്തിൽ അത്തരം ഒരു സംഭവം നടന്നിട്ടില്ല. മരുതമലൈ ക്ഷേത്രത്തിന് ഡിഎംകെ ഒരിക്കലും വൈദ്യുതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, അഞ്ച് വർഷം മുൻപ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷമാണ് ക്ഷേത്രത്തിനു വൈദ്യുതി കിട്ടിയത് എന്നതാണ് വാസ്തവം'- സ്റ്റാലിൻ വ്യക്തമാക്കി.

എഐഎഡിഎംകെ ബിജെപിക്ക് ഒപ്പം ചേർന്ന് നുണകൾ പ്രചരിപ്പിക്കാൻ ആളുകളെ വാടകയ്ക്ക് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും എഐഎഡിഎംകെയും പ്രചരിപ്പിക്കുന്ന നുണകളുടെ ആയുസ് ഡിഎംകെയുടെ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയേക്കാൾ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ ഡിഎംകെ പ്രവർത്തകരോട് ആദ്ദേഹം ആവശ്യപ്പെട്ടു. "2024ലെ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. 40 സീറ്റുകളും നമ്മുടേതായിരിക്കും. തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്തുടനീളം നമുക്ക് വിജയം ഉറപ്പാക്കേണ്ടതുണ്ട്. ഇൻഡ്യ സഖ്യം. വിജയിക്കണം"- അദ്ദേഹം വിശദമാക്കി.

Similar Posts