കോവിഡ് ബാധിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ചെന്നൈ : കോവിഡ് ബാധിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും പരിശോധനക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി അധികൃതർ അറിയിച്ചു.
11,12 തീയതികളിൽ സ്റ്റാലിൻ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും കുറച്ച് ദിവസങ്ങൾക്കു മുൻപ് തിരുവണ്ണാമലൈ ജില്ലയിലെ ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം മാസ്‌കില്ലാതെ പങ്കെടുത്തിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റാലിന് കോവിഡ് സഥിരീകരിച്ചതിനെ തുടർന്ന് പി.എം.കെ സ്ഥാപകൻ ഡോ രാംദോസ് നിരീക്ഷണത്തിലാണ്.
അതേസമയം തമിഴ്നാട്ടിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്നലെ സംസ്ഥാനത്ത് 2,269 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 729 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവർക്ക് 200യാണ് പിഴ. എന്നാൽ തിങ്കളാഴ്ച നടന്ന എഐഎഡിഎംകെയുടെ ഔദ്യോഗിക പരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുൾപ്പെടെയുള്ളവർ മാസ്‌ക് ധിരിക്കാതെയാണ് പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്.