India
MK Stalin wants Amul to stop operations in Tamil Nadu which is undermining Aavin Milk
India

കർണാടകയിലെ 'നന്ദിനി'യ്ക്ക് പിറകെ 'ആവിനെ'തിരെ; അമുൽ തമിഴ്‌നാട്ടിലെ പ്രവർത്തനം നിർത്തണമെന്ന് അമിത് ഷായോട്‌ എം.കെ സ്റ്റാലിൻ

Web Desk
|
25 May 2023 11:55 AM GMT

കർണാടക മിൽക്ക് ഫെഡറേഷൻ തങ്ങളുടെ നന്ദിനി ബ്രാൻഡിലുള്ള പാൽ കേരളത്തിൽ നേരിട്ട് വിൽക്കാൻ ശ്രമം നടത്തിയിരുന്നു

ചെന്നൈ: ഇന്ത്യയിലെ ക്ഷീര സഹകരണ രംഗത്ത് വീണ്ടും തർക്കം. ഗുജറാത്തിലെ ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന്റെ 'അമുൽ' തമിഴ്‌നാട്ടിലും പാലും പാൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ ശ്രമിക്കുന്നതാണ് പുതിയ തർക്ക വിഷയം. നേരത്തെ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാൻഡിന് പാരയാകുന്ന തരത്തിൽ പ്രവർത്തിക്കാൻ ശ്രമിച്ചതിന് അമുലിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ രീതിയിൽ തമിഴ്‌നാട്ടിലും അമുലെത്തിയതോടെ പ്രതിഷേധം ഉയരുകയാണ്. തമിഴ്‌നാട്ടിലെ 'ആവിൻ' ബ്രാൻഡിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തക്കാനൊരുങ്ങുന്ന അമുലിനെതിരെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്തെ പാൽ സംഭരണ പ്രവർത്തനങ്ങൾ ഉടൻ നിർത്താൻ ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര ഭീമനായ അമുലിന് നിർദ്ദേശം നൽകണമെന്ന് എംകെ സ്റ്റാലിൻ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കത്തിലൂടെ ആവശ്യപ്പെട്ടു.

കൈര ജില്ലാ കോഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന പേരിൽ അമുൽ തമിഴ്‌നാട്ടിൽ പാൽ ശേഖരണം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ ഷായ്ക്ക് അയച്ച കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് കോ-ഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ ആവിന്റെ പ്രവർത്തനത്തെ ഈ നടപടി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൃഷ്ണഗിരി ജില്ലയിൽ ചില്ലിംഗ് സെന്ററുകളും പ്രോസസ്സിംഗ് പ്ലാന്റും സ്ഥാപിക്കുന്നതിന് അമുൽ മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ലൈസൻസ് ഉപയോഗിക്കുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ അടുത്തിടെ കണ്ടെത്തിയതായും സ്റ്റാലിൻ പറഞ്ഞു.

തമിഴ്നാട്ടിലെ കൃഷ്ണഗിരി, ധർമപുരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും (എഫ്പിഒ) സ്വയം സഹായ സംഘങ്ങളും (എസ്എച്ച്ജി) വഴി പാൽ സംഭരിക്കാനാണ് അമുൽ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷീരമേഖലകൾ കയ്യേറാതെ സഹകരണ സംഘങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതാണ് സാധാരണ രീതിയാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതിർത്തി കടന്നുള്ള പാൽ സംഭരണം 'ഓപ്പറേഷൻ വൈറ്റ് ഫ്‌ളഡ്' എന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇത് രാജ്യത്തെ നിലവിലെ പാൽ ക്ഷാമം കൂടുതൽ വഷളാക്കുകയും ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. അമുലിന്റെ നീക്കം പാൽ സംഭരണ രംഗത്തുള്ള സഹകരണ സ്ഥാപനങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം വളർത്തിയെടുക്കുമെന്ന് സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു. ഇതുവരെ അമുൽ ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ തങ്ങളുടെ ഔട്ട്ലെറ്റുകൾ വഴി മാത്രമാണ് വിറ്റിരുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

അമുൽ ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശും രംഗത്ത് വന്നു. 'ആദ്യം നന്ദിനി, ഇപ്പോൾ ആവിൻ. ഇതെല്ലാം ഗെയിം പ്ലാനിന്റെ ഭാഗമാണ്' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അമിത് ഷായ്ക്ക് സ്റ്റാലിൻ അയച്ച കത്ത് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കർണാടക മിൽക്ക് ഫെഡറേഷൻ തങ്ങളുടെ നന്ദിനി ബ്രാൻഡിലുള്ള പാൽ കേരളത്തിൽ നേരിട്ട് വിൽക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ മിൽമ രംഗത്ത് വന്നിരുന്നു. അമൂലിനെ കർണാടകയിൽ എതിർക്കുന്നവർ കേരളത്തിൽ അതേകാര്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.

മൂല്യവർധിത ഉൽപ്പന്നങ്ങൾ അന്തർസംസ്ഥാനതലത്തിൽ കച്ചവടം ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് പാൽ വിൽക്കുന്ന രീതി ഇതുവരെ സഹകരണ സ്ഥാപനങ്ങൾ തമ്മിലുണ്ടായിരുന്നില്ല. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനിയെന്ന ബ്രാൻഡ് കേരളത്തിലും നേരിട്ട് പാൽ വിതരണം ചെയ്യുന്നതാണ് മിൽമയെ ചൊടിപ്പിച്ചത്.

MK Stalin wants Amul to stop operations in Tamil Nadu which is undermining Aavin Milk

Similar Posts