അയോധ്യ ക്ഷേത്ര പരിസരത്തെ ഭൂമി വാങ്ങിക്കൂട്ടി ബി.ജെ.പി എം.എൽ.എമാരും ഉദ്യോഗസ്ഥരും ബന്ധുക്കളും
|നടക്കുന്നത് വൻ റിയൽ എസ്‌റ്റേറ്റ് കച്ചവടമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട്
2019 നവംബർ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് നടക്കുന്നത് വൻ റിയൽ എസ്റ്റേറ്റ് കച്ചവടം. എം.എൽ.എമാർ, എം.പിമാർ, അയോധ്യയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ അടുത്ത ബന്ധുക്കൾ, പ്രാദേശിക റവന്യു ഉദ്യോഗസ്ഥർ വരെ ഇവിടുത്തെ ഭൂമിവാങ്ങിക്കൂട്ടുകയാണെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2020 ഫെബ്രുവരിയിൽ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ 70 ഏക്കറോളം ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രനിർമാണം പുരോഗമിക്കുമ്പോൾ ഇവിടെ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. അപ്പോൾ ഭൂമി വൻ വിലക്ക് വിൽക്കാൻ സാധിക്കും. ഇത് മുൻകൂട്ടി കണ്ടാണ് സ്വകാര്യ ബ്രോക്കർമാർക്കൊപ്പം ജനപ്രതിനിധികളും സർക്കാർ ഉദ്യോസ്ഥർ വരെ ഭൂമി വാങ്ങിക്കൂട്ടുന്നത്.
എംഎൽഎ, മേയർ, സംസ്ഥാന ഒബിസി കമ്മീഷൻ അംഗം , ഡിവിഷണൽ കമ്മീഷണർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സർക്കിൾ ഓഫീസർ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ എന്നിവരുടെ ബന്ധുക്കൾ വരെ സ്വന്തം പേരിൽ ഭൂമി വാങ്ങിയിട്ടുണ്ട്. ഇതെല്ലാം രാമക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ളതാണ് എന്നതാണ് മറ്റൊരു വസ്തുത. ഇതിൽ അഞ്ചു ഇടപാടുകളിൽ ഭൂമി വിൽപ്പന നടത്തിയ മഹർഷി രാമായൺ വിദ്യാപീഢം ട്രസ്റ്റ് ദളിതരായ ഗ്രാമീണരിൽ നിന്ന് അന്യായമായാണ് ഭൂമി വാങ്ങിയെന്ന ആരോപണം ഉയർന്നിരുന്നു. ഈ ക്രമക്കേട് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് ഭൂമി വാങ്ങിയത് എന്നതാണ് ഏറ്റവും എടുത്തുപറയേണ്ടകാര്യം. എം.എൽ.എമാരും അയോധ്യ മേയറും സംസ്ഥാന ഒ.ബിസി കമ്മീഷൻ അംഗവും സ്വന്തം പേരിൽ തന്നെ ഭൂമി വാങ്ങിയിട്ടുണ്ട്. മറ്റ് റവന്യൂ, പൊലീസ് മേധാവികളടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർ ബന്ധുക്കളുടെ പേരിലാണ് ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്.
ഭൂമി വാങ്ങിയ പ്രമുഖർ
1. വേദ് പ്രകാശ് ഗുപ്ത- അയോധ്യ എം.എൽ.എ (ഇദ്ദേഹത്തിന്റെ മരുമകൻ 5174 ചതുരശ്ര മീറ്റർ ഭൂമി വാങ്ങിയിട്ടുണ്ട്)
2. ഇന്ദ്ര പ്രതാപ് തിവാരി( അയോധ്യ എംഎൽഎ 2,593 ചതുരശ്ര മീറ്റർ ഭൂമി ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരനും ഇവിടെ ഭൂമി വാങ്ങിയിട്ടുണ്ട്)
3. എം.പി അഗർവാൾ, (2019 നവംബർ മുതൽ അയോധ്യയിലെ ഡിവിഷണൽ കമ്മീഷണറാണ്. ഇയാളുടെ ഭാര്യാപിതാവും ഭാര്യസഹോദരനും കൂടി 3790 ചതുരശ്ര മീറ്റർ ഭൂമിയാണ് വാങ്ങിക്കൂട്ടിയത്.). വിരമിച്ച ശേഷം അയോധ്യയിൽ താമസിക്കാനാണെന്നും അഗർവാളിന് ഇതിൽ പങ്കില്ലെന്നും ഭാര്യാപിതാവ് പ്രതികരിച്ചു.
4. പുരുഷോത്തം ദാസ് ഗുപ്ത, ( 2018 ജൂലൈ 20 നും 2021 സെപ്റ്റംബർ 10 നും ഇടയിൽ അയോധ്യയിലെ ചീഫ് റവന്യൂ ഓഫീസർ. ഇപ്പോൾ ഗോരഖ്പൂരിൽ അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ്. ഇദ്ദേഹത്തിന്റെ ഭാര്യസഹോദര ഭാര്യ 1,130 ചതുരശ്ര മീറ്റർ ഭൂമി വാങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പങ്കില്ലെന്ന് പുരുഷോത്തം ദാസ് പ്രതികരിച്ചു.
5. ദീപക് കുമാർ, ( 2020 ജൂലൈ 26നും 2021 മാർച്ച് 30നും ഇടയിൽ ഡിഐജി, ഇപ്പോൾ അലിഗഡ് ഡിഐജി)
6.ഉമാധർ ദ്വിവേദി (യുപി കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ. ഇപ്പോൾ ലഖ്നൗവിൽ താമസം)
7. ഋഷികേശ് ഉപാധ്യായ (അയോധ്യ മേയർ)
8. ആയുഷ് ചൗധരി( അയോധ്യയിലെ മുൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്. ഇപ്പോൾ കാൺപൂരിൽ താമസം)
9. അരവിന്ദ് ചൗരസ്യ (എസ്‌ഐ പ്രൊവിഷ്യൽ പൊലീസ് സർവീസ് ഓഫീസർ, ഇപ്പോൾ മീററ്റിൽ)
10. ഹർഷവർദ്ധൻ ഷാഹി( സംസ്ഥാന വിവരാവകാശ കമ്മീഷണർ)
11. ബൽറാം മൗര്യ( സംസ്ഥാന ഒബിസി കമ്മീഷൻ അംഗം)
12. ബദ്രി ഉപാധ്യായ, (ഗഞ്ച ഗ്രാമത്തിലെ ക്ലർക്ക്, ഇപ്പോൾ സ്ഥലംമാറി)
13. ഭാൻ സിങ്ങിന്റെ ദിനേശ് ഓജ, ( മഹർഷി രാമായൺ വിദ്യാപീഢം ട്രസ്റ്റിനെതിരായ കേസുകൾ പരിഗണിച്ചിരുന്ന അസിസ്റ്റന്റ് റെക്കോർഡ് ഓഫീസർ)
14. സുധാംശു രഞ്ജൻ (ഗഞ്ച ഗ്രാമത്തിലെ റവന്യൂ ഉദ്യോഗസ്ഥൻ)