India
എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി; ഹരിയാനയിൽ  അട്ടിമറി പേടിയില്‍ കോൺഗ്രസ്
India

എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി; ഹരിയാനയിൽ അട്ടിമറി പേടിയില്‍ കോൺഗ്രസ്

Web Desk
|
2 Jun 2022 1:54 AM GMT

ചിന്തൻ ശിബിറിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ കാലുവാരലുകൾ ഉണ്ടായാൽ മുഴുവൻ വിമർശനവും ദേശീയ നേതൃത്വത്തിനെതിരെ ആകും.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അട്ടിമറി പേടിയില്‍ കോൺഗ്രസ്. സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കി കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനാണ് രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ ശ്രമം. മറ്റ് സംസ്ഥാനങ്ങളിൽ ഘടകകക്ഷികളുമായി തുടരുന്ന തർക്കവും കോൺഗ്രസിന് തിരിച്ചടിയായേക്കും.

ഹരിയാനയിൽ വിജയം ഉറപ്പിച്ച സീറ്റിലാണ് അജയ് മാക്കനെ കോൺഗ്രസ് മത്സരിക്കാൻ ഇറക്കിയത്. കോൺഗ്രസിന് വെല്ലുവിളി ഉയർത്തി ബി.ജെ.പിയും ജെ.ജെ.പിയും സ്വതന്ത്ര സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത് ന്യൂസ് എക്സ് ഉടമയായ കാർത്തികേയ ശർമയെയീണ്. രാജസ്ഥാനിൽ സീ ന്യൂസ് ഉടമയായ സുഭാഷ് ചന്ദ്രയാണ് ബി.ജെ.പി പിന്തുണയിൽ മൽസരിക്കുന്നത്. കോൺഗ്രസിൻറെ പ്രമോദ് തിവാരി മത്സരിക്കുന്ന സംസ്ഥാനത്തെ നാലാം രാജ്യസഭാ സീറ്റാണ് ലക്ഷ്യം.

ഹരിയാനയിലും മഹാരാഷ്ട്രയിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകിയതിൽ സംസ്ഥാന പാർട്ടി നേതൃത്വത്തിന് അമർഷമുണ്ട്. നഗ്മ മുതലുള്ള നേതാക്കളും സീറ്റ് വിഭജനത്തിൽ പാർട്ടി പക്ഷപാതം കാണിച്ചു എന്ന് പരാതിപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സഖ്യ കക്ഷികളുമായുള്ള കോൺഗ്രസിൻ്റെ തർക്കം. ഝാർഖണ്ഡിൽ സീറ്റ് ഏറ്റെടുക്കാൻ ശ്രമിച്ച കോൺഗ്രസിന് തിരിച്ചടിയായാണ് ജെ.എം.എം സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ചിന്തൻ ശിബിറിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ കാലുവാരലുകൾ ഉണ്ടായാൽ മുഴുവൻ വിമർശനവും ദേശീയ നേതൃത്വത്തിനെതിരെ ആകും. ഈ ആശങ്കയെ തുടർന്നാണ് ബി.ജെ.പി കുതിര കച്ചവടം നടത്താൻ സാധ്യതയുള്ള ഹരിയാനയിൽ, എംഎൽഎമാരെ കോൺഗ്രസ് ഇന്നലെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയത്.

Similar Posts