മുംബൈയിൽ ബാൽ താക്കറെ സ്മാരകത്തിന് 400 കോടി
|താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമിക്കാനായി 28 കോടി രൂപയും അനുവദിച്ചിട്ടുണ്ട്
അന്തരിച്ച ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സ്മാരകത്തിനായി 400 കോടി രൂപ അനുവദിച്ച് മുംബൈ മെട്രോപോളിറ്റൻ റീജ്യനൽ ഡെവലപ്‌മെന്റ് അതോറിറ്റി(എംഎംആർഡിഎ). ദാദറിലെ ശിവാജി പാർക്കിൽ മുംബൈ മേയറുടെ പഴയ വസതിയിലാണ് സ്മാരകമുയരുന്നത്.
2012ൽ ബാൽ താക്കറെയുടെ മരണത്തിനു ശേഷമാണ് അദ്ദേഹത്തിനായി സ്മാരകം നിർമിക്കാൻ അന്നത്തെ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. സ്മാരകനിർമാണത്തിനായി 2016ൽ ബാലാസാഹെബ് താക്കറെ രാഷ്ട്രീയ സ്മാരക്(ബിടിആർഎസ്) എന്ന പേരിൽ ഒരു ട്രസ്റ്റും രൂപീകരിച്ചിരുന്നു. അന്ന് 89 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ നാലിരട്ടി വർധനയ്ക്ക് എംഎംആർഡിഎ അനുമതി നൽകിയത്.
രണ്ടുഘട്ടങ്ങളിലായി നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ 250 കോടിയും രണ്ടാംഘട്ടത്തിന് 150 കോടിയും ചെലവഴിക്കും. ഇതോടൊപ്പം താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമിക്കാനായി 28 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.