![kamal hassan old speech virul kamal hassan old speech virul](https://www.mediaoneonline.com/h-upload/2023/08/20/1384704-kamal-hassan.webp)
ഇൻഡ്യ മുന്നണിയുടെ ഭാഗമായിട്ടില്ല, നല്ല വാർത്തകൾ വരാനുണ്ട് -കമൽ ഹാസൻ
![](/images/authorplaceholder.jpg?type=1&v=2)
‘കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്’
ചെന്നൈ: രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ പറഞ്ഞു. നിസ്വാർഥതയോടെ രാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും എന്നാൽ ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കുകയും ചെയ്യുന്ന ഏതൊരു കൂട്ടായ്മയെയും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ ഏഴാം വാർഷികാഘോഷങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെയും കമൽ ഹാസൻ സ്വാഗതം ചെയ്തു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. രാജ്യത്തെക്കുറിച്ച് നിസ്വാർഥമായി ചിന്തിക്കുന്ന ഏതൊന്നിന്റെയും കൂടെ പാർട്ടി ഭാഗമാകും. അതേസമയം, പ്രാദേശിക ഫ്യൂഡൽ രാഷ്ട്രീയക്കാരോട് കൈകോർക്കില്ലെന്നും കമൽ ഹാസൻ പറഞ്ഞു.
നിലവിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായിട്ടില്ല. തന്റെ പാർട്ടിയുടെ സാധ്യമായ രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ‘നല്ല വാർത്തകൾ’ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുമായി കമൽഹാസന്റെ പാർട്ടി സഖ്യ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. മക്കൾ നീതി മയ്യം 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. എന്നാൽ, കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.