നമസ്‌കരിക്കാനെത്തിയവരെ ആക്രമിച്ചു; ഗുരുഗ്രാമിൽ ആൾക്കൂട്ടം പള്ളി തകർത്തതായി റിപ്പോർട്ട്
|പ്രതികളായ രാജേഷ് ചൗഹാൻ, അനിൽ ഭദൗരിയ, സഞ്ജയ് വ്യാസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഭോറ കാലൻ ഏരിയയിൽ ആൾക്കൂട്ടം പള്ളി തകർത്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു ഡസനോളം പേർക്കെതിരെ കേസെടുത്തതായും 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പള്ളിയിൽ നമസ്‌കരിക്കാനെത്തിയവരെ അക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമികൾ പ്രദേശത്തെ പള്ളി തകർത്തതായും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
നാല് മുസ്‌ലിം കുടുംബങ്ങൾ മാത്രമാണ് ഭോറാ കാലൻ ഏരിയയിൽ താമസിക്കുന്നതെന്ന് പൊലീസിൽ പരാതി നൽകിയ സുബേദാർ നാസർ മുഹമ്മദ് പറഞ്ഞു. ബുധനാഴ്ച തങ്ങൾ നമസ്‌കരിക്കാനായി പള്ളിയിലെത്തിയപ്പോൾ ഏതാനും ആളുകൾ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഇനി ഇവിടെ താമസിക്കരുതെന്നും പ്രദേശം വിട്ടുപോകണമെന്നും ഭീഷണിപ്പെടുത്തിയെന്നും നാസർ മുഹമ്മദ് പറഞ്ഞു.
ഐപിസി സെക്ഷൻ 295-എ (മനപ്പൂർവം മതവിശ്വാസത്തെ വ്രണപ്പെടുത്തൽ), 323 (മനപ്പൂർവം മുറിവേൽപ്പിക്കൽ), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ), 147 (കലാപമുണ്ടാക്കൽ), 148 (ആയുധങ്ങളുമായി കലാപം സൃഷ്ടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പ്രതികളായ രാജേഷ് ചൗഹാൻ, അനിൽ ഭദൗരിയ, സഞ്ജയ് വ്യാസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.