India
Mob sets police station in Odishas Kandhamal, police station fire, police station, Kandhamal, Odisha, Odisha police station attack,
India

പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ; കഞ്ചാവ് കൂട്ടിയിട്ടു കത്തിച്ചു

Web Desk
|
6 Aug 2023 10:34 AM GMT

കഞ്ചാവ് മാഫിയയ്ക്ക് പൊലീസുകാർ ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നൂറുകണക്കിനു നാട്ടുകാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്

ഭുവനേശ്വർ: കഞ്ചാവ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷനു തീയിട്ടു നാട്ടുകാർ. ഒഡിഷയിലെ കന്ധമാൽ ജില്ലയിലാണ് സംഭവം. നൂറുകണക്കിനു പേർ സംഘടിച്ചെത്തിയാണ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് അക്രമാസക്തരായി എത്തിയത്. സ്റ്റേഷനുനേരെ കല്ലെറിഞ്ഞായിരുന്നു ആക്രമണത്തിനു തുടക്കം. ഇവിടെ പിടിച്ചുവച്ചിരുന്ന ടൺ കണക്കിന് കഞ്ചാവ് നാട്ടുകാർ കൂട്ടിയിട്ടു കത്തിച്ചു. പിന്നാലെ സ്റ്റേഷനു തീയിടുകയുമായിരുന്നു. ഫയർ ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയയാണെന്നു സംശയിക്കുന്നതായി ബെർഹാംപൂർ സതേൺ റേഞ്ച് ഐ.ജി സത്യബ്രത് ഭോയ് പറഞ്ഞു. റെക്കോർഡ് കഞ്ചാവ് വേട്ടയാണ് ഇത്തവണ സ്‌റ്റേഷൻ പരിധിയിൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസ് കസ്റ്റഡിയിലാണ്. കേസുകളിൽ അന്വേഷണം തുടരുന്നുമുണ്ടെന്നും ഐ.ജി സൂചിപ്പിച്ചു.

എന്നാൽ, കഞ്ചാവുകടത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സഹായം നൽകുന്നുണ്ടെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. വൻതോതിൽ കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ച ബുധാകമ്പയിൽ ഒരു പൊലീസ് വാഹനം നാട്ടുകാർ പിടികൂടിയിരുന്നു. ഫിറിങ്കിയ സർപഞ്ച് ജലന്ദർ കൻഹാർ, മുൻ സർപഞ്ച് ബിശ്വരഞ്ജൻ കൻഹാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞു പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയും ചെയ്തത്. ഇതിന്റെ വിഡിയോ പകർത്തി കന്ധമാൽ എസ്.പിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

കഞ്ചാവ് മാഫിയയെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിറിങ്കിയയിലും ഫുൽബാനി ഭവാനിപട്‌നയിലും മണിക്കൂറുകളോളം നാട്ടുകാർ റോഡ് ഉപരോധിച്ചു. തഹസിൽദാറും പൊലീസ് തലവന്മാരും എത്തിയാണു നാട്ടുകാരെ അനുനയിപ്പിച്ചു സമരത്തിൽനിന്നു പിന്തിരിപ്പിച്ചത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ നടപടി വൈകിയതോടെയാണു നാട്ടുകാർ സംഘടിപ്പു പൊലീസ് സ്റ്റേഷനിലെത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത്.

Summary: Mob sets police station in Kandhamal, Odisha, on fire

Similar Posts