താരിഫ് ഉയർത്താൻ ടെലികോം കമ്പനികൾ; തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ ബില്ലുകളിൽ വർധനവുണ്ടായേക്കും
|വലിയ റീച്ചാർജ് പാക്കുകൾ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകൾ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്യും
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് മൊബൈൽ ബില്ലുകളിൽ 25 ശതമാനം വർധനവുണ്ടായേക്കും. സമീപകാലത്തെ നാലാം ഘട്ട താരിഫ് വർധനക്ക് ടെലികോം കമ്പനികൾ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണിത്. ഈ നീക്കത്തിലൂടെ കമ്പനികൾക്ക് ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തിൽ വർധനവുണ്ടാകും.
മത്സരാധിഷ്ഠിത അന്തരീക്ഷവും കനത്ത 5ജി നിക്ഷേപവും കാരണം ലാഭം മെച്ചപ്പെടുത്തേണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേറ്റർമാരിൽ നിന്ന് 25 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കറേജ് ആക്സിസ് ക്യാപിറ്റൽ റിപ്പോർട്ട് ചെയ്തു. വർധനയുടെ അളവ് വലുതാണെങ്കിലും ഇത് നഗര-ഗ്രാമീണ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നഗരങ്ങളിലുള്ളവർക്ക് ടെലികോമിനുള്ള മൊത്തം ചെലവിന്റെ 3.2ൽ നിന്ന് 3.6 ശതമാനം ആയാണ് വർധിക്കുക. ഗ്രാമങ്ങളിൽ ഇത് 5.2ൽ നിന്ന് 5.9 ശതമാനമായി വർധിക്കും.
25 ശതമാനം മൊത്ത വർധനവ് കമ്പനികൾക്ക് ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തിൽ 16 ശതമാനം വർധനവിന് കാരണമാകും. ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും ഇതിന്റെ ഭാഗമായി ഓരോ വ്യക്തിയിൽ നിന്നും അധികം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം അവസാനത്തോടെ 4ജി, 5ജി കണക്ഷനുകളിൽ വലിയ റീച്ചാർജ് പാക്കുകൾ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകൾ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്യുമെന്ന് ടി.എം.ടി വ്യവസായ പ്രമുഖൻ പീയുഷ് വൈഷ് പറഞ്ഞു. ഉയർന്ന വേഗതയുള്ള കണക്ഷൻ അനുഭവപ്പെടുന്ന കാലം വരെ ടെലികോം സേവനങ്ങൾക്ക് പണം നൽകാൻ ഉപഭോക്താക്കൾ തയ്യാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.