ഏറ്റുമുട്ടൽ കേസിൽ ജാമ്യത്തിലിറങ്ങിയ മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; മൃതദേഹം ബിഎംഡബ്ല്യു ഡിക്കിയിൽ
|കൊല്ലപ്പെട്ട ദിവ്യ പഹുജയെ പുതപ്പിൽ പൊതിഞ്ഞ് വലിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ന്യൂഡൽഹി: കൊല്ലപ്പെട്ട അധോലോക നേതാവ് സന്ദീപ് ഗദോലിയുടെ കാമുകി ദിവ്യ പഹുജ ഗുഡ്ഗാവിലെ ഹോട്ടൽ മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. 'വ്യാജ' ഏറ്റുമുട്ടലിൽ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസിൽ ഏഴു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്.
ഡൽഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. ഫോണും നിശ്ചലമായി. ഇതോടെ അഭിജിത്തിനെ വിളിച്ചെന്നും അയാൾ പഹുജയെ കുറിച്ച് വിവരം തരാൻ വിസമ്മതിച്ചെന്നും സഹോദരി ആരോപിക്കുന്നു.
കൊല്ലപ്പെട്ട പഹുജയെ പുതപ്പിൽ പൊതിഞ്ഞ് വലിച്ചു കൊണ്ടുപോകുന്നതിന്റെയും പിന്നീട് ബിഎംഡബ്ല്യു കാറിന്റെ ഡിക്കിയിലാക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാൻ അഭിജിത് സഹായികൾക്ക് നൽകിയത്. മൃതദേഹം മുറിയിൽ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്ള്യു കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗുഡ്ഗാവ് സിറ്റി എസിപി മുകേഷ് കുമാറിനാണ് അന്വേഷണ ചുമതല.
2016ൽ മുംബൈയിൽ വച്ചാണ് സന്ദീപ് ഗദോലി കൊല്ലപ്പെട്ടത്. അന്ന് പതിനെട്ടു വയസ്സുള്ള ദിവ്യ പഹുജയ്‌ക്കൊപ്പം ഹോട്ടലിൽ താമസിക്കവെ ഹരിയാന പൊലീസ് ഹോട്ടലിലേക്ക് ഇരച്ചു കയറി ഇയാളെ വക വരുത്തുകയായിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഗദോലിയെ വകവരുത്തിയത് എന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാൽ കൊല്ലപ്പെടുന്ന സമയത്ത് ഇയാൾ നിരായുധനായിരുന്നു എന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ പഹുജയും അമ്മയും ചില പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു. ബോംബെ ഹൈക്കോടതി ജാമ്യം നൽകുന്നതു വരെ ഏഴു വർഷമാണ് ഇവർ ജയിലിൽ കഴിഞ്ഞത്.