മോദി 3.0 മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളില്‍ പിടിമുറുക്കി ബി.ജെ.പി
|സുപ്രധാന വകുപ്പുകൾക്ക് തൊട്ടുതാഴെയുള്ള വകുപ്പുകളും ഘടകകക്ഷികൾക്ക് നൽകാതെയാണ് വകുപ്പ് വിഭജനം
ന്യൂഡല്‍ഹി: സുപ്രധാന വകുപ്പുകൾ എല്ലാം ബി.ജെ.പിയിൽ സുരക്ഷിതമാക്കിയാണ് കേന്ദ്രമന്ത്രിസഭയുടെ വകുപ്പ് വിഭജനം നടന്നത്. ഘടകകക്ഷികള്‍ക്ക് അഞ്ച് കാബിനറ്റ് മന്ത്രിമാരുണ്ടെങ്കിലും ശ്രദ്ധേയ വകുപ്പുകൾ നല്‍കിയിട്ടില്ല. അതിനിടെ, കാബിനറ്റ് പദവി ലഭിക്കാത്തതിൽ ശിവസേന ഷിൻഡെ വിഭാഗവും അജിത് പവാര്‍ എന്‍.സി.പിയും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
സുപ്രധാന വകുപ്പുകൾക്ക് തൊട്ടുതാഴെയുള്ള വകുപ്പുകളും ഘടകകക്ഷികൾക്ക് നൽകാതെയാണ് വകുപ്പ് വിഭജനം. വ്യോമയാന മന്ത്രാലയം ടി.ഡി.പിയുടെ റാംമോഹൻ നായിഡുവിന് നൽകിയതാണ് ഇതിന് അപവാദം. 12 എം.പിമാരുള്ള ജെ.ഡി.യുവിന്റെ കാബിനറ്റ് മന്ത്രി ലല്ലൻ സിങ്ങിന് നൽകിയ വകുപ്പ് പഞ്ചായത്തും ഫിഷറീസുമാണ്. ജെ.ഡി.എസിന്റെ എച്ച്.ഡി കുമാരസ്വാമിക്ക് കിട്ടിയത് ഉരുക്ക്, ഘന വ്യവസായ വകുപ്പാണ്.
ബിഹാറിലെ വിജയത്തിൽ നിർണായകമായ ലോക്ജനശക്തി പാർട്ടിയുടെ ചിരാഗ് പാസ്വാന് ഭക്ഷ്യ സംസ്കരണ വകുപ്പിൽ തൃപ്തിപ്പെടേണ്ടി വന്നു. ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ജീതൻ റാം മാഞ്ചിക്ക് ചെറുകിട വ്യവസായ സംരംഭക വകുപ്പ് നൽകി. സഹമന്ത്രിമാരുടെ കാര്യത്തിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുണ്ട്. അതിനിടെ, ഏഴ് എം.പിമാരുണ്ടായിട്ടും കാബിനറ്റ് പദവി ലഭിക്കാത്തതിൽ ശിവസേന ഷിൻഡെ വിഭാഗം അതൃപ്തി പരസ്യമാക്കി. സഹമന്ത്രി സ്ഥാനം നല്‍കി ഒതുക്കിയെന്ന കുറ്റപ്പെടുത്തലുമായി അജിത് പവാറും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, എൻ.ഡി.എ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചപ്പോള്‍ പ്രമുഖരുടെ വകുപ്പുകളില്‍ കാര്യമായ മാറ്റമില്ല. ആഭ്യന്തര മന്ത്രിയായി അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും ധനമന്ത്രിയായി നിർമലാ സീതാരാമനും തുടരും. നിതിൻ ഗഡ്ഗരിയുടെയും എസ്. ജയശങ്കറിന്‍റെയും വകുപ്പുകളിലും മാറ്റമില്ല.
സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്‍റെയും വകുപ്പുകളും പ്രഖ്യാപിച്ചു. സുരേഷ് ഗോപി ടൂറിസം, പെട്രോളിയം, പ്രകൃതിവാതക വകുപ്പുകളിലാണ് സഹമന്ത്രിസ്ഥാനം വഹിക്കുക. ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളിലാണു സഹമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്.
Summary: All the important departments have been secured in the BJP as the division of the cabinet in the third Modi government completed