India
mallikarjun kharge
India

കോൺഗ്രസ് സ്വാതന്ത്ര്യത്തിനായി പോരാടിയതിനാലാണ് മോദിക്ക് ഇന്ത്യയുടെ ​പ്രധാനമന്ത്രിയാകാൻ സാധിച്ചത്: ഖാർഗെ

Web Desk
|
11 May 2024 3:46 PM GMT

‘അംബാനിയും അദാനിയും കോൺഗ്രസിന് കള്ളപ്പണം നൽകിയെങ്കിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല’

പട്ന: കോൺഗ്രസ് സ്വാതന്ത്ര്യത്തിനായി പോരാടിയതിനാലാണ് നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിഹാറിലെ സമസ്തിപുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും കോൺഗ്രസിന് കള്ളപ്പണം നൽകിയെന്നാണ് നരേന്ദ്ര മോദിയുടെ ആരോപണം. അങ്ങനെ എങ്കിൽ കേന്ദ്ര സർക്കാർ എന്തുകൊണ്ട് അതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും ഖാർഗെ ചോദിച്ചു.

അംബാനിയെയും അദാനിയെയും കുറിച്ച് ഞങ്ങൾ നിശ്ശബ്ദരാണെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. എന്നാൽ, അങ്ങനെയല്ല. ബി.ജെ.പിക്കും കള്ളപ്പണം ലഭിച്ചതിനാലാണോ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

അംബാനിയും അദാനിയും കോൺ​ഗ്രസിന് ടെമ്പോയിൽ പണം നൽകിയെന്നായിരുന്നു മോദിയുടെ ആരോപണം. ഇതിനെതിരെ കഴിഞ്ഞദിവസം രാഹുൽ ​ഗാന്ധി മറുപടിയുമായി രംഗത്തുവന്നിരുന്നു. മോദി പേടിച്ചിരിക്കുകയാണോ എന്നും അംബാനിയും അദാനിയും ഞങ്ങൾക്ക് പണം തന്നെങ്കിൽ അവരുടെ അടുത്തേക്ക് സി.ബി.ഐയെയും ഇ.ഡിയേയും അയക്കൂ എന്നും രാഹുൽ ​ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മോദി ഇത് പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണോയെന്നും രാഹുൽ ചോദിച്ചു.

'നമസ്‌കാരം മോദിജീ, എന്താ പേടിച്ചിരിക്കുകയാണോ? സാധാരണ നിങ്ങൾ അടച്ചിട്ട മുറികളിൽ അദാനിയും അംബാനിയുമായും ചർച്ച നടത്തുന്നു. എന്നിട്ട് പുറത്ത് ആദ്യമായി അദാനി, അംബാനി എന്ന് പറയുന്നു. അവർ കോൺ​ഗ്രസിന് ടെമ്പോയിൽ പൈസ തരുന്നുവെന്ന് പറയുന്നു. അത് നിങ്ങളുടെ സ്വന്തം അനുഭവമാണോ?- രാഹുൽ ​ഗാന്ധി ചോദിച്ചു.

'ഒരു കാര്യം ചെയ്യൂ. സി.ബി.ഐയെയും ഇ.ഡിയേയും അവരുടെ അടുത്തേക്ക് അയക്കൂ. വിവരങ്ങൾ ശേഖരിക്കൂ. പെട്ടെന്ന് ചെയ്യൂ. പരിഭ്രമിക്കേണ്ടന്നേ... അവർക്ക് മോദി എത്ര രൂപ കൊടുത്തോ അത്രത്തോളം പൈസ ഞങ്ങൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്'- രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

'ബിജെപി സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കി. അവര്‍ക്ക് പ്രധാനമന്ത്രി കൊടുത്ത അത്രയും പണം തങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കും. മഹാലക്ഷ്മി യോജനയിലൂടെയും പെഹ്‌ലി നൗകരി യോജനയിലൂടെയും തങ്ങള്‍ ഒരുപാട് ലക്ഷാധിപതികളെയുണ്ടാക്കും'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തെലങ്കാന കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് അംബാനി- അദാനി വിഷയത്തിൽ മോദി രാഹുലിനെയും കോൺ​ഗ്രസിനേയും കടന്നാക്രമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ എന്തുകൊണ്ടാണ് 'അംബാനി- അദാനി' വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്നായിരുന്നു മോദിയുടെ ചോദ്യം. 'അവര്‍ അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ രാഹുൽ തയ്യാറാവണം. എന്തായിരുന്നു ഡീല്‍?. കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ നിറച്ചും പണം നൽകിയിട്ടുണ്ട്'- മോദി ആരോപിച്ചു.

Similar Posts