1974ൽ കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്ത കരാർ: കോൺഗ്രസിനെ വിമർശിച്ച് മോദി
|പ്രധാനമന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ്
ന്യൂഡൽഹി: 1974ൽ കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്തതിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത പങ്കുവെച്ചാണ് അദ്ദേഹം കോൺഗ്രസിനെതിരെ രംഗത്തുവന്നത്.
‘കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണിത്. കച്ചത്തീവ് കോൺഗ്രസ് എത്ര നിഷ്കളങ്കമായാണ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നു. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ജനങ്ങളുടെ മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു’ -നരേന്ദ്ര മോദി ‘എക്സി’ൽ കുറിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തുവന്നു. കഴിഞ്ഞ ഒമ്പത് വർഷം മോദി എന്താണ് ചെയ്തതെന്നും എന്തുകൊണ്ടാണ് ഇക്കാലമത്രയും മൗനം പാലിച്ചതെന്നും അദ്ദേഹം ചോദിച്ചു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാലാണ് ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത്. തമിഴ്നാട്ടിൽ ബി.ജെ.പി തകർത്തെറിയുമെന്നാണ് എല്ലാ അഭിപ്രായ സർവേകളും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമേശ്വരത്തിനും ശ്രീലങ്കക്കും ഇടയിലുള്ള ദ്വീപാണ് കച്ചത്തീവ്. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ ഈ ദ്വീപ് ഉപയോഗിച്ചിരുന്നു. 1974 കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമായി ഇന്ദിരാ ഗാന്ധി സർക്കാർ അംഗീകരിക്കുകയായിരുന്നു. 1974 ജൂലൈ 28ന് ഇന്ത്യൻ പ്രധനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയുമാണ് കരാറിൽ ഒപ്പുവച്ചത്.