India
Loksabha
India

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍

Web Desk
|
8 Aug 2024 1:41 AM GMT

ഭരണ ഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർക്കും

ഡല്‍ഹി: വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഭരണ ഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർക്കും.

മുസ്‍ലിം മത സംഘടനകളുടെയും പ്രതിപക്ഷത്തിന്‍റെയും വലിയ എതിർപ്പ് വകവെക്കാതെയാണ് കേന്ദ്ര സർക്കാർ ഇന്ന് വഖഫ്‌ ഭേദഗതി ബില്‍ ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ പൂർണമായും എടുത്ത് കളയുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ഭേദഗതി പ്രകാരം വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്‍ലിം ഇതരവിഭഗങ്ങൾക്ക് പ്രാതിനിധ്യമുണ്ടാകും. വനിതകളെയും അംഗങ്ങളാക്കണെമെന്നും ഭേദഗതിയിൽ പറയുന്നു. വഖഫ് സ്വത്തുക്കൾ സർക്കാർ കർശന പരിശോധനകൾക്ക് വിധേയമാക്കും. തർക്ക ഭൂമികൾ പരിശോധിക്കും. ഭൂമിയുടെ രജിസ്‌ട്രേഷനായി പ്രത്യേക പോർട്ടൽ സജ്ജീകരിക്കാനും ബില്ലിൽ നിർദേശമുണ്ട്. വഖഫ് ബോര്‍ഡുകൾക്കുമേൽ സർക്കാർ നിയന്ത്രണം വരുന്നതോടെ ബോർഡുകളുടെ സ്വതന്ത്രവും സ്വയം ഭരണവും നഷ്ട്ടമാകും. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാർ‌ ലക്ഷ്യം. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ വാദം.

ബിൽ ഭരണ ഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇടി മുഹമ്മദ് ബഷീർ എം.പി സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ഉൾപ്പെടെ ഇന്‍ഡ്യാ സഖ്യത്തിലെ പാർട്ടികൾ നിലപാട് അറിയിച്ചിട്ടുണ്ട്.

Similar Posts