India
Mallikarjun Kharge
India

'മോദി സർക്കാരിന്റെ ഏകലക്ഷ്യം യുവാക്കളെ തൊഴിൽരഹിതരായി നിലനിർത്തുക': ഖാർ​ഗെ

Web Desk
|
9 July 2024 12:36 PM GMT

'രാജ്യത്ത് 25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42.3 ശതമാനം പേർ തൊഴിൽരഹിതരാണ്'

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. യുവാക്കളെ തൊഴിലില്ലാത്തവരാക്കി നിർത്തുകയെന്ന ഏക ദൗത്യമാണ് മോദി സർക്കാരിനുള്ളതെന്നാണ് ഖാർ​ഗെയുടെ ആരോപണം. തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ ഉദ്ധരിച്ച് സമൂഹമാധ്യമമായ എക്‌സിലായിരുന്നു ഖാർ​ഗെയുടെ വിമർശനം.

'തൊഴിലില്ലായ്മയെക്കുറിച്ചുള്ള സ്വതന്ത്ര സാമ്പത്തിക റിപ്പോർട്ടുകൾ മോദി സർക്കാർ നിഷേധിക്കുന്നുണ്ടാകാം, എന്നാൽ സർക്കാർ ഡാറ്റ എങ്ങനെ നിഷേധിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തതിന് ഉത്തരവാദി മോദി സർക്കാർ മാത്രമാണെന്നതാണ് സത്യം.'- അദ്ദേഹം എക്സിൽ കുറിച്ചു.

'നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ വാർഷിക സർവേ പ്രകാരം നിർമാണ മേഖലയിൽ 2015നും 2023നും ഇടയിൽ 54 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. പി.എൽ.എഫ്.എസ് സർവേ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം ആണ്. സർക്കാർ കണക്കുകൾ പഠിച്ചതിന് ശേഷമുള്ള ഐ.ഐ.എം ലഖ്‌നൗവിന്റെ റിപ്പോർട്ടിൽ രാജ്യത്ത് തൊഴിലില്ലായ്മയിൽ വർധനവുണ്ടായെന്ന് കാണാം. വിദ്യാസമ്പന്നർക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മയും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തവും റിപ്പോർട്ടിലുണ്ട്.

സി.എം.ഐ.ഇയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനവും സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 18.5 ശതമാനവുമാണ്. ഐ.എൽ.ഒ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണ്. അസിം പ്രേംജി സർവകലാശാലയുടെ 2023ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് 25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42.3 ശതമാനം പേർ തൊഴിൽരഹിതരാണ്.

ഏറ്റവും പുതിയ സിറ്റിഗ്രൂപ്പ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന് പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ ആവശ്യമാണ്. ഏഴ് ശതമാനം ജി.ഡി.പി വളർച്ച പോലും യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ല. മോദി സർക്കാരിനു കീഴിൽ രാജ്യം നേടിയത് ശരാശരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണ്.'- അദ്ദേഹം പറഞ്ഞു.

'സ്വതന്ത്ര സാമ്പത്തിക റിപ്പോർട്ടുകൾ മോദി സർക്കാർ തള്ളിക്കളയുന്നത് അവരുടെ ഒളിച്ചുകളി തുറന്നുകാട്ടുന്നതിനാലാണ്. സർക്കാർ ജോലിയോ സ്വകാര്യ മേഖലയോ സ്വയം തൊഴിലോ അസംഘടിത മേഖലയോ ആകട്ടെ, മോദി സർക്കാരിന് ഒരേയൊരു ദൗത്യമേയുള്ളൂ- യുവാക്കളെ തൊഴിൽരഹിതരാക്കി നിലനിർത്തുക എന്നതാണത്.'- അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts