'ദലിതരുടെയും പിന്നാക്കക്കാരുടെയും സംവരണം കവർന്നെടുത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് കൊടുക്കാൻ ശ്രമിക്കുന്നു'; വിദ്വേഷ പ്രസംഗവുമായി വീണ്ടും മോദി
|മുസ്ലിംകൾക്ക് സംവരണം കൊടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഇൻഡ്യാ സഖ്യം തന്നെ അധിക്ഷേപിക്കുന്നതെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിതരുടെയും പിന്നാക്കക്കാരുടെയും സംവരണം കവർന്നെടുത്ത് മുസ്ലിംകൾക്ക് കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. പഞ്ചാബിലെ ഹോഷിയാർപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
''ദലിതരുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം എടുത്തുകളയാൻ ആരെയും അനുവദിക്കില്ലെന്ന് മോദി പ്രതിജ്ഞയെടുത്തിട്ടുണ്ട്. എന്റെ ഈ ശ്രമത്തിലാണ് കോൺഗ്രസും ഇൻഡ്യാ സഖ്യവും പ്രകോപിതരായത്. എസ്.സി-എസ്.ടി, ഒ.ബി.സി സംവരണം തട്ടിയെടുത്തതാണ് അവരുടെ ട്രാക്ക് റെക്കോർഡ്. അവർ ഭരണഘടനയുടെ ആത്മാവിനെ, ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ആത്മാവിനെ അപമാനിക്കുകയാണ്. ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം എടുത്തുകളഞ്ഞ് മുസ്ലിംകൾക്ക് മാത്രം നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. മോദി അവരുടെ ഗൂഢാലോചന തുറന്നുകാട്ടി, അതുകൊണ്ടാണ് അവർ രോഷാകുലരാകുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്''-പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Hoshiarpur, Punjab: During a public rally PM Narendra Modi says, "Modi has taken a pledge that he will not let anyone take away the reservation of Dalits, backward and tribals... These Congress and INDI alliance people are agitated with this effort of mine. Their track… pic.twitter.com/vHDVzmZMer
— ANI (@ANI) May 30, 2024
ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ മുസ്ലിംകൾക്ക് സംവരണം കൊടുക്കുമെന്ന് നേരത്തെയും മോദി ആരോപിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളുള്ളവരെന്നുമാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിൽ മോദി വിശേഷിപ്പിച്ചത്. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ ഹിന്ദുക്കളുടെ താലിമാല പോലുമെടുത്ത് മുസ്ലിംകൾക്ക് കൊടുക്കുമെന്നും മോദി ആരോപിച്ചിരുന്നു. പിന്നീട് രാജ്യത്തിന്റെ പല ഭാഗത്ത് നടന്ന റാലികളിലും മോദി സമാനമായ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്ന പച്ചക്കള്ളവും മോദി ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ പാർട്ടികളും വ്യക്തികളും നൽകിയ ആയിരത്തിലധികം പരാതികളാണ് മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. എന്നാൽ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ കമ്മീഷൻ തയ്യാറായിട്ടില്ല. സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് ബി.ജെ.പി പ്രസിഡന്റിന് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. അതിൽ മോദിയുടെ പേര് പോലും പരാമർശിക്കാനും കമ്മീഷൻ തയ്യാറായിരുന്നില്ല.