'ഇറ്റലിയിലേക്ക് മോദിയുടെ പോക്ക് തകർന്ന ഇമേജ് നേരെയാക്കാൻ'; വിമർശിച്ച് ജയറാം രമേശ്
|"സ്വയം പുകഴ്ത്തലുകൾക്ക് പകരം പൊരുളുള്ള കാര്യങ്ങൾ ചെയ്തും പറഞ്ഞുമാണ് ഡോ.മൻമോഹൻ സിങ് ഉച്ചകോടിയിലെ സ്വരമായി മാറിയത്"
ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നത് തന്റെ ഇമേജ് നേരെയാക്കിയെടുക്കാനെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. അന്താരാഷ്ട്ര തലത്തിൽ കോട്ടം തട്ടിയ ഇമേജ് നേരെയാക്കാനാണ് യാത്രയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.
"1970 മുതൽ നടന്നു വരുന്നതാണ് ജി7 ഉച്ചകോടി. യുഎസ്എ, കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, യുകെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ അതിൽ പങ്കെടുക്കുന്നുണ്ട്. 1997 മുതൽ 2014 വരെ റഷ്യയും അംഗമായിരുന്നു. 2003 മുതലാണ് ഇന്ത്യ, ചൈന, ബ്രസീൽ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊക്കെ ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചു തുടങ്ങിയത്.
ഇന്ത്യയുടെ പോയിന്റ് ഓഫ് വ്യൂവിൽ 2007ൽ ജർമനിയിലെ ഹെയ്‌ലിഗെൻഡാമിൽ നടന്ന ഉച്ചകോടിയായിരുന്നു ഏറ്റവും പ്രധാനം. ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആദ്യമായി ഒരു ഫോർമുല ഉരുത്തിരിയുന്നത് ഇതിലാണ് - പ്രസിദ്ധമായ സിങ്-മെർക്കെൽ ഫോർമുല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും ജർമൻ ചാൻസലർ ആഞ്ചല മെർക്കലും ചേർന്ന് സൃഷ്ടിച്ച ചരിത്രമാണത്. സ്വയം പുകഴ്ത്തലുകൾക്ക് പകരം പൊരുളുള്ള കാര്യങ്ങൾ ചെയ്തും പറഞ്ഞുമാണ് ഡോ.സിങ് ഉച്ചകോടിയിലെ സ്വരമായി മാറിയത്.
'മൂന്നിലൊന്ന് പ്രധാനമന്ത്രി'യിൽ നിന്ന് അത്രയൊക്കെ പ്രതീക്ഷിക്കുന്നത് ഒരുപാട് കൂടുതലാണെന്ന് അറിയാം. ഇമേജ് നേരെയാക്കാനുള്ള യാത്രയിൽ ഇതൊക്കെ ചിന്തിക്കാൻ എവിടെ സമയം". ജയറാം രമേശ് വിമർശിച്ചു.
15ാം തീയതി വരെ ഇറ്റലിയിലെ അപുലിയയിലാണ് ജി7 സമ്മിറ്റ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെട്ടിരുന്നു.