ചെങ്കോട്ടയിൽ ഇത് മോദിയുടെ അവസാന പതാക ഉയർത്തൽ-ലാലു പ്രസാദ് യാദവ്
|സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൽ കലാം ആസാദ് ഉൾപ്പെടെയുള്ള മഹാന്മാരായ സ്വാതന്ത്ര്യ സമരസേനാനികളെ അഭിവാദ്യം ചെയ്യാനുള്ള ദിവസമാണിതെന്ന് ലാലു
പാട്ന: ചെങ്കോട്ടയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയർത്തലാണ് ഇന്നു നടന്നതെന്ന് ആർ.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവ്. ചരിത്രത്തെ കോട്ടമില്ലാതെ നിലനിർത്തണം. മോദി സർക്കാരിന്റെ വ്യർത്ഥമായ വാഗ്ദാനങ്ങളിൽ ജനങ്ങൾ അമർഷത്തിലാണെന്നും ലാലു പറഞ്ഞു.
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാട്നയിൽ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ വസതിയിൽ ദേശീയപതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സ്വാതന്ത്ര്യത്തിനു വേണ്ടി ഒരുപാടു മനുഷ്യർ ജീവത്യാഗം ചെയ്തിട്ടുണ്ട്. ചരിത്രം ഒരു കോട്ടവുമില്ലാതെ നിലനിർത്തേണ്ടതുണ്ട്. ബി.ജെ.പി പക്ഷെ ചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്. മഹാന്മാരായ സ്വാതന്ത്ര്യ സമരസേനാനികൾ കാരണമാണു നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൽ കലാം ആസാദ് അങ്ങനെ ഒരുപാട് നേതാക്കന്മാർ. അവരെ അഭിവാദ്യം ചെയ്യാനുള്ള ദിവസമാണിന്ന്'-അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയിൽനിന്നുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയർത്തലാകും ഇന്നു നടന്നതെന്നും ലാലു പറഞ്ഞു. അടുത്ത തവണ കേന്ദ്രത്തിൽ നമ്മൾ സർക്കാർ രൂപീകരിക്കും. ചെങ്കോട്ടയിൽനിന്നുള്ള അവസാന പ്രസംഗത്തിൽ മോദി ശരിയായ കാര്യങ്ങൾ ചെയ്യുമെന്നാണു പ്രതീക്ഷ. മോദി സർക്കാരിന്റെ നേരമ്പോക്കു വർത്തമാനങ്ങളിൽ രാജ്യം അമർഷത്തിലാണെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.
ചെങ്കോട്ടയിൽ ഇന്ന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസംകൊണ്ടാണ് രാജ്യത്ത് വികസനം വന്നതെന്നാണു ചിലരുടെ പ്രചാരണമെന്ന് ഖാർഗെ കുറ്റപ്പെടുത്തി. 'ബ്രിട്ടീഷുകാർ രാജ്യം വിടുമ്പോൾ സൂചി നിർമിക്കുന്നതിനെക്കുറിച്ചുപോലും ചർച്ചയുണ്ടായിരുന്നില്ല. അവിടെയാണ് നെഹ്റു അണക്കെട്ടുകളും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഐ.എസ്.ആർ.ഒയും മറ്റു സ്ഥാപനങ്ങളുമെല്ലാം സ്ഥാപിച്ചത്. ക്ഷീരവിപ്ലവം കൊണ്ടുവന്നത്. രാജീവ് ഗാന്ധിയാണ് രാജ്യത്ത് കംപ്യൂട്ടർ കൊണ്ടുവന്നത്'-ഖാർഗെ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങൾ അപകടത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.
കുടുംബവാഴ്ച രാജ്യത്തെ നശിപ്പിച്ചെന്ന് ചെങ്കോട്ടയിലെ പ്രസംഗത്തിൽ മോദി ആരോപിച്ചിരുന്നു. മുൻ സർക്കാരുകൾ നടത്തിയ കോടികളുടെ അഴിമതി കാരണം രാജ്യത്തിന്റെ സാമ്പത്തികരംഗം തകർന്നിരിക്കുകയാണെന്നും മോദി ആക്ഷേപിച്ചു.
Summary: 'Modi hoisting Tricolour from Red Fort for last time': Lalu Prasad Yadav