India
മോദി ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം വർധിപ്പിച്ചു, മൻമോഹന് ഒന്നും കഴിഞ്ഞില്ല: അമിത് ഷാ
India

മോദി ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം വർധിപ്പിച്ചു, മൻമോഹന് ഒന്നും കഴിഞ്ഞില്ല: അമിത് ഷാ

Web Desk
|
15 Oct 2021 2:49 PM GMT

മോദിയെത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് കാണുന്ന വിദേശ ഉദ്യോഗസ്ഥർ മോദിയുടെ നാട്ടിൽ നിന്നാണോ വരുന്നതെന്ന് ചോദിച്ച് പുഞ്ചിരിക്കാൻ തുടങ്ങിയെന്നും അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം വർധിപ്പിച്ചെന്നും യു.പി.എ കാലത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഒന്നിനും കഴിഞ്ഞില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോവയിലെ തലയ്ഗാവിൽ നടന്ന ബി.ജെ.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പല തവണ മൻമോഹനെ പരാമർശിച്ച അമിത്ഷാ അദ്ദേഹത്തിന്റെ കാലത്ത് എല്ലാവരും പ്രധാനമന്ത്രിയായിരുന്നുവെന്ന് പരിഹസിച്ചു. എന്നാൽ മോദിയെത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം കൂടിയെന്നും അത് കാണുന്ന വിദേശ ഉദ്യോഗസ്ഥർ മോദിയുടെ നാട്ടിൽ നിന്നാണോ വരുന്നതെന്ന് ചോദിച്ച് പുഞ്ചിരിക്കാൻ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.

അടൽ ബിഹാരി വാജ്‌പേയ് അധികാരത്തിൽ നിന്നിറങ്ങുമ്പോൾ ഇന്ത്യ 11ാം സ്ഥാനത്തായിരുന്നു. എന്നാൽ മൻമോഹന്റെ കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവം അനുസരിച്ച് അനക്കമുണ്ടായില്ലെന്ന് അമിത് ഷാ പരിഹസിച്ചു. ''മൻമോഹൻ ജീ കെ സ്വഭാവ് കെ അനുസാർ''എന്ന് അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞായിരുന്നു പരിഹാസം. മോദിയെത്തിയ ശേഷം ഇന്ത്യ അഞ്ചോ ആറോ സ്ഥാനത്തുണ്ടെന്ന് ഷാ പറഞ്ഞു.

ഇന്ത്യൻ അതിർത്തികളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവർക്ക് മോദിജി കനത്ത മറുപടി നൽകിയെന്നും മൻമോഹന്റെ കാലത്താണെങ്കിൽ ഒരുത്തരവും ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യ?

2021 ലെ പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം 85ാമതാണ്. താജികിസ്ഥാനും ഇന്ത്യക്കൊപ്പം സ്ഥാനം പങ്കിടുന്നുണ്ട്. മുൻകൂർ വിസയില്ലാതെ 58 രാജ്യങ്ങളാണ് ഇന്ത്യൻ പൗരന് സന്ദർശിക്കാനാവുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ട് ഇൻഡക്‌സ് തയാറാക്കുന്നത്. ഇൻഡക്‌സിൽ ആദ്യ സ്ഥാനം ജപ്പാനാണ്. സിംഗപ്പൂർ രണ്ടാമതും ജർമനി, സൗത്ത് കൊറിയ എന്നിവ മൂന്നാമതുമാണ്.

Similar Posts