'മോദി 80% ഏകാധിപതി, ഭീരു'; വോട്ട് ചെയ്ത് പുറത്താക്കുവെന്ന് ജനങ്ങളോട് ധ്രുവ് റാഠി
|പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് കണക്കുകൾ നിരത്തി ധ്രുവ് റാഠി അവതരിപ്പിച്ച രണ്ട് വീഡിയോ നേരത്തെ 50 മില്യണോളം ആളുകൾ കണ്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി 70-80 ശതമാനവും ഏകാധിപതിയും ഒരു ഭീരുവുമാണെന്ന് പ്രമുഖ യു ട്യൂബറായ ധ്രുവ് റാഠി. ആത്മവിശ്വാസം നഷ്ടപ്പെട്ടവനും അരക്ഷിതനുമാണ് അദ്ദേഹം. രാജ്യത്തെ വോട്ടർമാർ വരുന്ന തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ വോട്ട് ചെയ്ത് പുറത്താക്കണമെന്നും ധ്രുവ് റാഠി പറയുന്നു. 'ദ വയറിൽ' മുതിർന്ന മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറിന്റെ 'ദ ഇന്റർവ്യു വിത്ത് കരൺ ഥാപ്പർ' എന്ന അഭിമുഖ പരിപാടിയിലായിരുന്നു ധ്രുവ് റാഠിയുടെ വാക്കുകൾ.
2.5 കോടിയിലേറെ സബ്‌സ്‌ക്രിപ്ഷനുളള തന്റെ യു ട്യൂബ് ചാനലിലെ പ്രേക്ഷകരെ താൻ വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മോദി സർക്കാരിനെതിരെ വോട്ടുചെയ്യാനുളള തന്റെ അഭ്യർത്ഥനയോട് അവർ അനുകൂലമായി പ്രതികരിക്കുമെന്നും ധ്രുവ് പറയുന്നു. അതുപോലെ തന്നെ തന്റെ വീഡിയോ കാണുന്നവർ മറ്റ് 100 പേരിലേക്ക് കൂടി അത് ഷെയർ ചെയ്യുമെന്നും കരുതുന്നു.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഇപ്പോൾ ഉദ്ദേശ്യമില്ലെന്നും എന്നാൽ 20-30 വർഷം കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നത് ഇപ്പോൾ പറയാനാകില്ലെന്നും ധ്രുവ് റാഠി വ്യക്തമാക്കുന്നു. യു ട്യൂബ് ചാനലിലേക്കായി ഓരോ വീഡിയോ തയ്യാറാക്കുന്നതിന് മുൻപായി, ഒരു വിഷയം തെരഞ്ഞെടുക്കുന്നതിന് മുൻപായി നിരവധി തയ്യാറെടുപ്പുകൾ നടത്താറുണ്ട്. തെരഞ്ഞെടുക്കുന്ന വിഷയത്തിന്റെ പ്രധാന്യവും ജനങ്ങളിലേക്ക് എത്തേണ്ട ആവശ്യകതയും അടക്കം വിവിധ കാര്യങ്ങൾ മുൻനിർത്തി നിശ്ചിത സ്‌കോറുകൾ നൽകി അതിൽ ഉയർന്ന സ്‌കോർ ലഭിക്കുന്ന വിഷയമാകും അവതരിപ്പിക്കുക. എന്താണ് പ്രേക്ഷകരോട് പറയുന്നതെന്നും അതിനെക്കുറിച്ച് ഏറ്റവും വ്യക്തതയോടെയുളള വിവരങ്ങൾ നൽകാനും അതിന്റെ പ്രാധാന്യം അവരെ ബോധിപ്പിക്കാനുമാണ് എപ്പോഴും ശ്രദ്ധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് കണക്കുകൾ നിരത്തി ധ്രുവ് റാഠി അവതരിപ്പിച്ച രണ്ട് വീഡിയോ നേരത്തെ 50 മില്യണോളം ആളുകൾ കണ്ടിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ അടച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഏകാധിപത്യം ഉറപ്പിച്ചു എന്ന ഈ സീരിസിലെ രണ്ടാമത്തെ വീഡിയോ പുറത്തുവന്നത്. ഈ വീഡിയോകൾ മുൻനിർത്തിയുളള സമകാലിക ചോദ്യങ്ങൾക്കും വിവിധ രാഷ്ട്രീയ ചോദ്യങ്ങൾക്കും പുറമെ ധ്രുവ് റാഠിയുടെ കുട്ടിക്കാലം, പഠനം, പ്രണയം, വിവാഹം എന്നിങ്ങനെയുളള വ്യക്തിപരമായ കാര്യങ്ങളും അഭിമുഖത്തിൽ കടന്നുവരുന്നുണ്ട്.
നേരത്തെ തന്റെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോകളിൽ മോദിക്കു കീഴിൽ ഇന്ത്യ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയുടെയും വ്ളാദ്മിർ പുടിന്റെ റഷ്യയുടെയും പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് റാഠി മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ട് ജനാധിപത്യമാകില്ല. ഉ.കൊറിയയിലും റഷ്യയിലുമെല്ലാം കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാൽ, അവിടെ സർക്കാരിനെ പിന്തുണയ്ക്കാത്തവരെല്ലാം ദേശദ്രോഹികളാണ്. ജോലിയിൽനിന്നു പിരിച്ചുവിടപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്യുന്നതു സ്ഥിരം കാഴ്ചയാണ്. റഷ്യയിൽ പുടിനെതിരെ മത്സരിക്കുന്നവരെ വിലക്കും മരണവുമാണ് കാത്തിരിക്കുന്നത്. ഇതേ രീതിയിലാണ് ഇന്ത്യയിലും സ്ഥിതിഗതികളെന്ന് ധ്രുവ് റാഠി പറഞ്ഞിരുന്നു. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഘ്പരിവാറിന്റെ വ്യാപക സൈബർ ആക്രമണമാണ് ധ്രുവ് റാഠിക്കെതിരെ ഉണ്ടായത്.
നേരത്തെ തന്നെ സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് റാഠി. മണിപ്പൂരിലെ ക്രിസ്ത്യൻ വേട്ട, ഗുസ്തി താരങ്ങളുടെ സമരം, പുൽവാമ ആക്രമണത്തിൽ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ, അദാനി-മോദി അവിശുദ്ധബന്ധം, നൂപുർ ശർമ വിവാദം, കർഷക പ്രക്ഷോഭം, ഹിജാബ് വിവാദം ഉൾപ്പെടെയുള്ള നൂറുകണക്കിനു വിഷയങ്ങളിൽ കേന്ദ്രത്തെയും ബി.ജെ.പിയെയുമല്ലൊം പ്രതിരോധത്തിലാക്കി നിരവധി വിഡിയോകൾ ചെയ്തിട്ടുണ്ട് ധ്രുവ് റാഠി. ലവ് ജിഹാദ് മുന്നിൽനിർത്തി കള്ളക്കഥകൾ മെനഞ്ഞ സുദിപ്തോ സെന്നിന്റെ 'ദി കേരള സ്റ്റോറി'യെ കണക്കുകൾ നിരത്തി പൊളിച്ചടുക്കിയ റാഠിയുടെ വിഡിയോ ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. മതംമാറ്റവും പ്രണയ ജിഹാദും ആരോപിച്ച് കേരളത്തെയും മുസ്ലിംകളെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഘ്പരിവാർ പ്രചാരണങ്ങളുടെ കൂടി മുനയൊടിക്കുകയായിരുന്നു ഇതിലൂടെ റാഠി ചെയ്തത്.
17.3 മില്യൺ സബ്‌സ്‌ക്രൈബർമാരുണ്ട് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിന്. ഇതിനു പുറമെ ഇൻസ്റ്റഗ്രാമിൽ 30 ലക്ഷത്തിലേറെയും ഫേസ്ബുക്കിൽ 2.7 മില്യണും എക്സിൽ 20 ലക്ഷവും ഫോളോവർമാരുണ്ട് അദ്ദേഹത്തിന്.