കറുത്ത തൊപ്പി, കാക്കി പാന്റ്, ടീഷർട്ട്; ബന്ദിപ്പൂരിൽ ജംഗിൾ സഫാരി നടത്തി മോദി
|ബന്ദിപ്പൂരിലെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി.
ബംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജംഗിൾ സഫാരി. കാക്കി പാന്റും കറുത്ത തൊപ്പിയും ടീ ഷർട്ടും ജാക്കറ്റും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കടുവ സംരക്ഷണ പരിപാടിയുടെ അമ്പതാം വാർഷികത്തിലാണ് മോദിയുടെ സന്ദർശനം.
ഇന്ന് നടക്കുന്ന ആഘോഷ പരിപാടിയിൽ വച്ച് ദേശീയ കടുവാ സെൻസസ് പ്രധാനമന്ത്രി പുറത്തുവിടും. ബന്ദിപ്പൂരിലെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഒന്നാമത്തേത് ഇന്ദിരാഗാന്ധി. തമിഴ്‌നാട്ടിലെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും മോദി സന്ദർശിക്കും.
ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ-ബെല്ലി ദമ്പതികളെ പ്രധാനമന്ത്രി ആദരിക്കും.
രാജ്യത്തെ കടുവകളെ സംരക്ഷിക്കാൻ 1973ലാണ് പ്രൊജക്ട് ടൈഗർ എന്ന പേരിൽ സർക്കാർ സംരക്ഷണ പദ്ധതി കൊണ്ടുവന്നത്. അന്ന് രാജ്യത്ത് ഒമ്പത് കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് 53 എണ്ണം. ലഭ്യമായ കണക്കുപ്രകാരം ഇന്ത്യൻ വനങ്ങളിൽ മുവ്വായിരം കടുവകളാണ് ഉള്ളത്. ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണ് എന്നാണ് കരുതപ്പെടുന്നത്. 1970ലാണ് ഇന്ത്യയിൽ കടുവാ വേട്ട നിരോധിച്ചത്.