India
PM Modi made over 100 Islamophobic remarks during Lok Sabha elections campaign: Human Rights Watch
India

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി നൂറിൽ കൂടുതൽ ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ നടത്തി: ഹ്യൂമൻ റൈറ്റ്‌സ് വാച്ച്

Web Desk
|
14 Aug 2024 11:27 AM GMT

മാർച്ച് 16ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം മോദി നടത്തിയ 173 പ്രസംഗങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറിൽ കൂടുതൽ ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ നടത്തിയെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട്. മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ നിരന്തരം നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകർന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

മൂന്നാം തവണയും അധികാരം നേടാനുള്ള ശ്രമത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരെ വിവേചനം, ശത്രുത, അക്രമം എന്നിവക്ക് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ ബി.ജെ.പി നേതാക്കൾ ആവർത്തിച്ച് നടത്തിയെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. മാർച്ച് 16ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം മോദി നടത്തിയ 173 പ്രസംഗങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

110 പ്രസംഗങ്ങളിലും മോദി ഇസ് ലാമോഫോബിക് പരാമർശങ്ങൾ നടത്തുന്നുണ്ട്. തന്റെ രാഷ്ട്രീയ എതിരാളികൾ മുസ്‌ലിംകളുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരാണെന്ന് ഭൂരിപക്ഷ ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് ഭയം ജനിപ്പിക്കാനാണ് മോദി ശ്രമിച്ചതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

''പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ പൂർണമായും തെറ്റായ പ്രചാരണമാണ് നടത്തിയത്. മോദിയുടെ പ്രസംഗങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബി.ജെ.പി ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണത്തെയും വിവേചനങ്ങളെയും സാമാന്യവത്കരിക്കുന്നതായിരുന്നു''-ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്‌സൺ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രിൽ 30ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാർ എന്നാണ് പ്രസംഗത്തിൽ മോദി വിശേഷിപ്പിച്ചത്. ഏപ്രിൽ 30ന് മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗത്തെ പിന്തുണക്കുന്ന ഒരു വിഡിയോ ബി.ജെ.പിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്നിരുന്നു. വിവാദമായതോടെ അത് പിൻവലിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കളുടെ സ്വത്ത് കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ സമുദായത്തിന് നൽകും. ഹിന്ദു സ്ത്രീകളുടെ താലി മാല പോലും മുസ്‌ലിംകൾ കൊണ്ടുപോകും തുടങ്ങിയ ഗുരുതര പരാമർശങ്ങളാണ് മോദി നടത്തിയത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു മെയ് 17ന് ഉത്തർപ്രദേശിലെ ബരാബങ്കിയിൽ പറഞ്ഞത്. മെയ് ഏഴിന് മധ്യപ്രദേശിലെ ധറിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് സ്‌പോർട്‌സിൽ പോലും മതം കലർത്തുമെന്നും അവർ അധികാരത്തിലെത്തിയാൽ മതം അടിസ്ഥാനമാക്കി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി, അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവരുടെ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന് റിപ്പോർട്ട് പറയുന്നു.

Similar Posts