2021 ൽ ഏറ്റവും സ്വാധീനമുണ്ടാക്കിയ 100 പേരുടെ ടൈംസ് മാസികയുടെ പട്ടികയിൽ മോദിയും മമതയും പൂനാവാലയും
|മോദി ഇന്ത്യയെ മതേതരത്വത്തിൽനിന്ന് ഹിന്ദു ദേശീയതിലേക്ക് കൊണ്ടുപോയെന്ന് ടൈംസ് മാഗസിൻ
ടൈം മാഗസിൻ തയാറാക്കിയ 2021 ൽ ലോകത്ത് ഏറ്റവും സ്വാധീനമുണ്ടാക്കിയ 100 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല എന്നിവരുടെ പേരും. ഈ വർഷം ലോകത്ത് പലതരത്തിൽ സ്വാധീനം ചെലുത്തിയവരുടെ വാർഷിക പട്ടികയാണ് മാഗസിൻ തയാറാക്കിയത്.
മോദി ഇന്ത്യയെ മതേതരത്വത്തിൽനിന്ന് ഹിന്ദു ദേശീയതിലേക്ക് കൊണ്ടുപോയെന്നും സോഷ്യലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന ധാരണ അദ്ദേഹത്തിന്റെ പ്രവർത്തനം ശരിവെച്ചുവെന്നും ടൈംസ് മാഗസിൻ തയാറാക്കിയ കുറിപ്പിൽ പറഞ്ഞു. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ച പോലെ 'തെരഞ്ഞെടുക്കപ്പെട്ട സേഛാധിപത്യ'മാണ് ഇന്ത്യയിലെന്നും രാജ്യം ജനാധിപത്യത്തിൽനിന്ന് ഏറെ അകന്നതായി ചിന്തകർ നിരീക്ഷിക്കുന്നതായും സി.എൻ.എൻ ജേണലിസ്റ്റ് ഫരീദ് സക്കറിയ തയാറാക്കിയ കുറിപ്പിൽ പറഞ്ഞു.
മുമ്പും മോദി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. മുമ്പ് അദ്ദേഹത്തെ രാജ്യത്തെ പ്രധാന നേതാവായി വിശേഷിപ്പിച്ച പട്ടിക, ഇപ്പോൾ ജനപ്രീതി 71 ശതമാനമായി കുറഞ്ഞുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റ് ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതി മികച്ച വിജയം നേടിയ മമതയും പട്ടികയിലുണ്ട്. 'പയനീർസ്' എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട 15 പേരിലാണ് എസ്.ഐ.ഐ സി.ഇ.ഒ പൂനാവാലയുടെ പേരുള്ളത്. വാക്‌സിൻ നിർമാണത്തിന് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്.
യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, വൈസ് പ്രസിഡൻറ് കമലാ ഹാരിസ്, മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ട്രാഗി, ഇറാനിയൻ പ്രധാനമന്ത്രി ഇബ്രാഹിം റൈസി, ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ്, റഷ്യൻ പ്രതിപക്ഷ നേതാവ് നവാല്‌നി, താലിബാൻ കോ ഫൗണ്ടർ മുല്ലാ അബ്ദുൽഗനി ബറാദർ തുടങ്ങിയവർ പട്ടികയിലുണ്ട്.