India
അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍‌ മോദിയുടെ ചിത്രം പതിക്കുന്നത് പുനരാരംഭിക്കുന്നു
India

അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍‌ മോദിയുടെ ചിത്രം പതിക്കുന്നത് പുനരാരംഭിക്കുന്നു

Web Desk
|
27 March 2022 5:32 PM GMT

തെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിലെ വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

തെരഞ്ഞെടുപ്പ് പൂർത്തിയായ അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. ജനുവരി എട്ട് മുതലാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.

ഇനി മുതൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

നേരത്തെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ സംവാദങ്ങള്‍ അരങ്ങേറിയിരുന്നു. വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒരാള്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജി കേരള ഹൈക്കോടതി തള്ളി. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ടു കൊണ്ടാണ് ഹൈക്കോടതി അന്ന് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന് രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും പ്രശസ്തിയ്ക്കു വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്നും സംശയം ഉന്നയിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റേതാണ് വിധി.

Similar Posts