മോദിക്ക് കോംപ്ലക്സ്; നെഹ്രു മ്യൂസിയത്തിന്റെ പേര് മാറ്റത്തിനെതിരെ ജയറാം രമേശ്
|നെഹ്രുവിന്റെ ഓർമകളുടെ സ്വാധീനം തലമുറകളിലൂടെ തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
ഡല്‍ഹി: നെഹ്രു മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോംപ്ലക്സാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. നെഹ്രുവിന്റെ ഓർമകളുടെ സ്വാധീനം തലമുറകളിലൂടെ തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
''ഇന്ന് മുതൽ, ഒരു ഐക്കണിക്ക് സ്ഥാപനത്തിന് ഒരു പുതിയ പേര് ലഭിക്കുന്നു. ലോകപ്രശസ്ത നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ഇനി മുതല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി ആയി മാറും. ഭയത്തിന്റെയും സങ്കീര്‍ണതകളുടെയും അരക്ഷിതാവസ്ഥയുടെയും വലയത്തിലാണ് മോദി. നെഹ്രുവിനെയും നെഹ്രുവിയൻ പൈതൃകത്തെയും നിഷേധിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 'എന്‍' ഒഴിവാക്കി പകരം 'പി' എന്നാക്കി.
പക്ഷേ, സ്വാതന്ത്ര്യസമരത്തിലെ നെഹ്രുവിന്റെ മഹത്തായ സംഭാവനകളും ഇന്ത്യൻ ദേശീയ-രാഷ്ട്രത്തിന്റെ ജനാധിപത്യ, മതേതര, ശാസ്ത്രീയ, ഉദാരവൽക്കരണ അടിത്തറ കെട്ടിപ്പടുക്കുന്നതിലെ അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളും ഒരിക്കലും എടുത്തുകളയാനാവില്ല. അവയെല്ലാം ഇപ്പോൾ മോദിയുടെയും അദ്ദേഹത്തിന്റെ വാഴ്ത്തുപാട്ടുകാരുടെയും ആക്രമണത്തിന് വിധേയമാണ്.നിരന്തരമായ ആക്രമണങ്ങൾക്കിടയിലും, ജവഹർലാൽ നെഹ്രുവിന്റെ പൈതൃകം ലോകത്തിന് കാണാനായി നിലനിൽക്കുകയും വരും തലമുറകളെ അദ്ദേഹം പ്രചോദിപ്പിക്കുകയും ചെയ്യും.'' ജയറാം രമേശിന്റെ ട്വീറ്റില്‍ പറയുന്നു.
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തിലാണ് മ്യൂസിയത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്‍എംഎംഎല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും ട്വിറ്ററില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു.
ജൂണ്‍ പകുതിയോടെ ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പിഎംഎംഎല്‍ സൊസൈറ്റി എന്നാക്കി പേര് മാറ്റാന്‍ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തിമ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. പുനര്‍നാമകരണം പ്രാബല്യത്തില്‍ വരുന്നതിനുള്ള തിയതി ആഗസ്ത് 14 ആക്കാനാണ് എന്‍എംഎംഎല്‍ അധികൃതരുടെ തീരുമാനം.