![PM Narendra Modi’s guidance to Putin, Ukraine has prevented World War III: Kangana Ranaut, Elections 2024, Lok Sabha 2024 PM Narendra Modi’s guidance to Putin, Ukraine has prevented World War III: Kangana Ranaut, Elections 2024, Lok Sabha 2024](https://www.mediaoneonline.com/h-upload/2024/05/06/1422387-kangana-ranaut-narendra-modi.webp)
നരേന്ദ്ര മോദി, കങ്കണ റണാവത്ത്
മൂന്നാം ലോക മഹായുദ്ധം തടഞ്ഞത് മോദി-കങ്കണ റണാവത്ത്
![](/images/authorplaceholder.jpg?type=1&v=2)
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കങ്കണ മേയ് 14ന് നാമനിർദേശ പത്രിക സമർപ്പിക്കും
ഷിംല: ലോകനേതാക്കളെല്ലാം ഉപദേശത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണു വിളിക്കുന്നതെന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയില്‍ ബി.ജെ.പി സ്ഥാനാർഥിയായ നടി കങ്കണ റണാവത്ത്. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനു മുതൽ യുക്രൈൻ ജനങ്ങൾക്കു വരെ മാർഗനിർദേശം നൽകുന്നത് മോദിയാണ്. അതിലൂടെ മൂന്നാം ലോക മഹായുദ്ധം തടയാനായെന്നും കങ്കണ വാദിച്ചു.
മാണ്ഡിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ബോളിവുഡ് താരം. ''പുടിൻ മുതൽ യുക്രൈൻ ജനത വരെ മാർഗനിർദേശങ്ങൾക്കായി ഉറ്റുനോക്കുന്നത് അദ്ദേഹത്തെയാണ്. അതുകൊണ്ടാണ് ഇപ്പോൾ മൂന്നാംലോക മഹായുദ്ധം സംഭവിക്കാത്തത്. ലോകസമാധാനത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. ഇന്നു കാണുന്ന ഇന്ത്യയുടെ പ്രതിച്ഛായ മുൻപ് നമ്മൾ കണ്ടിട്ടില്ല. ഇനിയും ആർക്കു വോട്ട് ചെയ്യുമെന്ന് ചിന്തിച്ചുനിൽക്കണോ?''-പ്രസംഗത്തിൽ കങ്കണ പറഞ്ഞു.
നേരത്തെ, സ്വന്തം ജനപ്രീതിയെ കുറിച്ചും കങ്കണ സംസാരിച്ചിരുന്നു. അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹവും ആദരവും ലഭിച്ച സിനിമാ താരം താനാണെന്നായിരുന്നു അവരുടെ അവകാശവാദം. ''രാജ്യം ഒന്നാകെ എന്നെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലും ബംഗാളിലും ഡൽഹിയിലും മണിപ്പൂരിലും, എവിടെപ്പോയാലും അളവറ്റ സ്ന ഹേവും ആദരവുമാണ് എനിക്ക് ലഭിക്കുന്നത്. അമിതാഭ് ബച്ചനു ശേഷം സിനിമാ മേഖലയിൽ അത്രയും സ്നേഹവും ആദരവും ലഭിച്ച ആരെങ്കിലുമുണ്ടെങ്കിൽ അതു താനാണ്.''-ഇങ്ങനെയായിരുന്നു കങ്കണയുടെ വാദം.
ഹിമാചലിലെ മാണ്ഡിയിൽ സർപ്രൈസ് സ്ഥാനാർഥിയായാണ് ബി.ജെ.പി കങ്കണയുടെ പേര് പ്രഖ്യാപിച്ചത്. മേയ് 14ന് അവർ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണു വിവരം. ഹിമാചൽ പൊതുമരാമത്ത് മന്ത്രിയും യുവ കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ് ആണ് മാണ്ഡിയിൽ കങ്കണയുടെ പ്രധാന എതിരാളി. ആറു തവണ ഹിമാചൽ മുഖ്യമന്ത്രിയായ അന്തരിച്ച വീർഭദ്ര സിങ്ങിന്റെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയായ പ്രതിഭാ സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ. അദ്ദേഹം ഒൻപതിന് പത്രിക സമർപ്പിക്കുമെന്നാണു വിവരം.
ജൂൺ ഒന്നിന് ഏഴാംഘട്ടത്തിലാണ് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നത്. കംഗ്ര, മാണ്ഡി, ഹാമിർപൂർ, ഷിംല എന്നിങ്ങനെ നാല് മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്.
Summary: PM Narendra Modi’s guidance to Putin, Ukraine has prevented World War III: Kangana Ranaut