ഇന്ത്യ 500 കോടി വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
|ഏകീകൃത കോർപറേറ്റ് നികുതി 15 ശതമാനമാക്കണമെന്ന് ജി ട്വന്റി ഉച്ചകോടിയിൽ ധാരണയായി
2022 ഡിസംബറോടെ ഇന്ത്യ 500 കോടി വാക്സിൻ ഉത്പാദിപ്പിക്കുമെന്നും വാക്സിൻ ക്ഷാമം പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിൽ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്സിൻ സർട്ടിഫിക്കറ്റ് രാജ്യങ്ങൾ പരസ്പരം അംഗീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സുസ്ഥിര വികസനമെന്ന വിഷയത്തിലൂന്നിയാണ് ഇന്നത്തെ ചർച്ചകൾ നടന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഒത്തൊരുമയോടെ മറികടക്കാമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. വാക്സിൻ വിതരണത്തിൽ ലോകരാജ്യങ്ങൾക്കിടയിലെ അസമത്വം ഇല്ലാതാക്കണമെന്ന് ജി 20 കൂട്ടായ്മ തീരുമാനിച്ചു. പല ദരിദ്രരാഷ്ട്രങ്ങളിലും ജനസംഖ്യയുടെ മൂന്നു ശതമാനത്തിന് മാത്രമാണ് നിലവിൽ വാക്സിൻ ലഭിച്ചിരിക്കുന്നത്.
ഏകീകൃത കോർപറേറ്റ് നികുതി 15 ശതമാനമാക്കണമെന്ന് ചർച്ചയിൽ ധാരണയായി. വൻകിട കമ്പനികൾ നികുതിയിളവുള്ള രാജ്യങ്ങളിലേക്ക് പോകുന്നതിനാൽ സംഭവിക്കുന്ന കനത്ത നഷ്ടം ഒഴിവാക്കാനാണ് ഏകീകൃത നികുതി ഈടാക്കാൻ ഉദ്ദേശിക്കുന്നത്. ലാഭത്തിന്റെ 15 ശതമാനം എന്ന കണക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബിഡനാണ് മുന്നോട്ട് വച്ചത്. ഇന്ധന വില നിയന്ത്രിക്കാനായി ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചില്ല. സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.