യു.പിയിലെ ആദ്യ വെർച്വൽ റാലി; ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി പ്രധാനമന്ത്രി
|വെർച്വൽ അഭിസംബോധന 10 ലക്ഷത്തോളം ആളുകളിലേക്ക് എത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്റെ ആദ്യ വെർച്വൽ റാലിക്കായി ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ജനുവരി 31നാണ് മോദി അഭിസംബോധന ചെയ്യുന്നത്. ഗൗതം ബുദ്ധ നഗർ, ഷാംലി, മുസാഫർനഗർ, ബാഗ്പത്, സഹരൻപൂർ എന്നീ അഞ്ച് ജില്ലകളിലാണ് വെർച്വൽ റാലി നടക്കുന്നത്.
ജനപങ്കാളിത്തത്തിലും വിശ്വാസത്തിലുമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പറഞ്ഞ മോദി നമോ ആപ്പിലൂടെയാണ് നിർദേശങ്ങൾ ക്ഷണിച്ചത്. വെർച്വൽ റാലിയിൽ നിങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ വെർച്വൽ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ബി.ജെ.പി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് അഞ്ച് ജില്ലകളിലെ 21 നിയമസഭാ മണ്ഡലങ്ങളിലെ 100 സ്ഥലങ്ങളിൽ എൽ.ഇ.ഡി വാനുകൾ ക്രമീകരിക്കും. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു സ്ഥലത്ത് 500 ഓളം ആളുകൾ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമെന്നും ബി.ജെ.പി അറിയിച്ചു.
ഇതിന് പുറമെ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരമാവധി ആളുകൾക്ക് മോദിയുടെ പ്രസംഗം കേൾക്കാൻ കഴിയും. പ്രധാനമന്ത്രിയുടെ വെർച്വൽ അഭിസംബോധന 10 ലക്ഷത്തോളം ആളുകളിലേക്ക് എത്തിച്ചേരാനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.