India
Prime Minister Narendra Modi Should Listen to Indian Muslims Man Ki Baat; Delhi Jama Masjid Shahi Imam Ahmad Bukhari
India

'നിങ്ങൾ സ്വന്തം മൻ കി ബാത്ത് പറയുന്നു, ഇന്ത്യൻ മുസ്‌ലിമിന്റെ മൻകി ബാത്തും കേൾക്കൂ'; പ്രധാനമന്ത്രിയോട് ഷാഹി ഇമാം

Web Desk
|
12 Aug 2023 11:07 AM GMT

'ലോകത്ത് 57 മുസ്‌ലിം രാജ്യങ്ങളുണ്ട്. അവിടെയൊക്കെ അമുസ്‌ലിംകളുമുണ്ട്. എന്നാൽ അവരുടെ ജീവനോ ജീവിത മാർഗങ്ങൾക്കോ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല' അഹ്മദ് ബുഖാരി ഓർമിപ്പിച്ചു

ന്യൂഡൽഹി: സ്വന്തം മൻ കി ബാത്ത് (മനസ്സിന്റെ വർത്തമാനം) പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ മുസ്‌ലിമിന്റെ മൻകി ബാത്തും കേൾക്കണമെന്ന് ഡൽഹി ജമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി. രാജ്യത്താകമാനം 'വെറുപ്പിന്റെ കൊടുങ്കാറ്റ്' വ്യാപിക്കുന്നതിലുള്ള ആശങ്ക വെള്ളിയാഴ്ചയാണ് ഇമാം പങ്കുവെച്ചത്. നൂഹ് കലാപം, ട്രെയിനിൽ വെച്ച് നാലുപേരെ റെയിൽവേ പൊലീസുകാരൻ കൊന്ന സംഭവം തുടങ്ങിയവ ഉദ്ധരിച്ച് വെള്ളിയാഴ്ച ഡൽഹി ജമാ മസ്ജിദിൽ നടത്തിയ ജുമുഅ ഖുതുബയിലായിരുന്നു (പ്രഭാഷണം) ഇമാമിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സമുദായത്തിലെ ബുദ്ധിജീവികളുമായി സംവദിക്കണമെന്നും ഷാഹി ഇമാം ആവശ്യപ്പെട്ടു.

'രാജ്യത്തെ നിലവിലുള്ള സാഹചര്യമാണ് എന്നെ സംസാരിക്കാൻ നിർബന്ധിതനാക്കിയത്. രാജ്യത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. വിദ്വേഷ കൊടുങ്കാറ്റ് രാജ്യത്തെ സമാധാനത്തിന് അപകടകരമാണ്' അഹ്മദ് ബുഖാരി പറഞ്ഞു.

'നിങ്ങൾ നിങ്ങളുടെ മൻ കി ബാത്താണ് പറയുന്നത്, മുസ്‌ലിംകളുടെ മൻ കി ബാത്തും കേൾക്കണം, നിലവിലുള്ള സാഹചര്യം കാരണം മുസ്‌ലിംകൾ ബുദ്ധിമുട്ടിലാണ്. അവരുടെ ഭാവിയെ കുറിച്ച് അസ്വസ്ഥരുമാണ്' മോദിയുടെ മാസംതോറുമുള്ള റേഡിയോ പരിപാടിയെ മുൻനിർത്തി ഷാഹി ഇമാം പറഞ്ഞു. വിദ്വേഷവും സാമുദായിക സംഘർഷവും തടയുന്നതിൽ നിയമം ദുർബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമർശിച്ചു.

'ഒരു വിശ്വാസമുള്ള ജനങ്ങൾ തീർത്തും വെല്ലുവിളികൾ നേരിടുകയാണ്. മുസ്‌ലിംകളെയും അവരുടെ കച്ചവടങ്ങളെയും ബഹിഷ്‌കരിക്കാൻ പഞ്ചായത്തുകൾ കൂടി ആഹ്വാനങ്ങൾ ഉയരുകയാണ്. ലോകത്ത് 57 മുസ്‌ലിം രാജ്യങ്ങളുണ്ട്. അവിടെയൊക്കെ അമുസ്‌ലിംകളുമുണ്ട്. എന്നാൽ അവരുടെ ജീവനോ ജീവിത മാർഗങ്ങൾക്കോ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ല' അഹ്മദ് ബുഖാരി ഓർമിപ്പിച്ചു.

ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മോശമാകുകയാണെന്നും എന്തിനാണ് ഇന്ത്യയിൽ വെറുപ്പുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനാണോ നമ്മുടെ പൂർവികർ സ്വാതന്ത്ര്യം നേടിത്തന്നതെന്നും മുസ്‌ലിംകളും ഹിന്ദുക്കളും വേറിട്ട് ജീവിക്കുമോയെന്നും അഹ്മദ് ബുഖാരി ചോദിച്ചു. സ്ഥിതിഗതികളുടെ നിയന്ത്രണം സർക്കാറിന്റെ കൈകളിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

'പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുസ്‌ലിം ബുദ്ധിജീവികളോട് സംവദിക്കണം. രാജ്യത്തെ മുസ്‌ലിംകൾക്ക് വേണ്ടി ഇക്കാര്യം ഞാൻ ആവശ്യപ്പെടുന്നു. ഞങ്ങൾ തയാറാണ്' ഇമാം വ്യക്തമാക്കി. വിദ്വേഷ കൊടുങ്കാറ്റിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ കേന്ദ്രം മുസ്‌ലിം സമുദായവുമായി യോഗം ചേരണമെന്നും നിർദേശിച്ചു.

Prime Minister Narendra Modi Should Listen to Indian Muslim's Man Ki Baat; Delhi Jama Masjid Shahi Imam Ahmad Bukhari

Similar Posts