![modi visited the tirumala temple says prayed for the good health, well-being of 140 crore Indians modi visited the tirumala temple says prayed for the good health, well-being of 140 crore Indians](https://www.mediaoneonline.com/h-upload/2023/11/27/1399339-tmpl.webp)
'140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർഥിച്ചു'; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോദി
![](/images/authorplaceholder.jpg?type=1&v=2)
പ്രാർഥനയ്ക്ക് ശേഷം പുരോഹിതരുടെ അനുഗ്രഹവും തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന തെലങ്കാനയിൽ പ്രചാരണത്തിനിടെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കുമായി പ്രാർഥന നടത്തിയതായി സമൂഹമാധ്യമമായ എക്സിൽ ചിത്രങ്ങൾ പങ്കുവച്ച് മോദി കുറിച്ചു.
പ്രാർഥനയ്ക്ക് ശേഷം പുരോഹിതരുടെ അനുഗ്രഹവും തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഞായറാഴ്ച രാത്രി ആന്ധ്രയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ ഗവർണർ എസ്. അബ്ദുൽ നസീറും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢിയും ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച തെലങ്കാനയിലെ നിർമൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി, ഭരണകക്ഷിയായ ബിആർഎസ് പാവങ്ങളുടെ ശത്രുവാണെന്ന് വിമർശിച്ചിരുന്നു.
തിങ്കളാഴ്ച രണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന മോദി വൈകീട്ട് അഞ്ചിന് ഹൈദരാബാദിൽ റോഡ് ഷോയും നടത്തുമെന്ന് ബി.ജെ.പി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.