'മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചാൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും'; അണ്ണാമലൈ
|ബി.ജെ.പി അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് അണ്ണാമലൈ കഴിഞ്ഞദിവസം പറഞ്ഞിരുന്നു
മധുര: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചാൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. എന്നാൽ തെരഞ്ഞെടുപ്പിൽ മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമോയെന്ന് അറിയില്ലെന്നും തമിഴ്നാട്ടിലെ ജനങ്ങളും പാർട്ടിയും അതിന് തയ്യാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ 39 മണ്ഡലങ്ങളിൽ ഏതെങ്കിലുമൊരു മണ്ഡലത്തിൽ മോദി മത്സരിച്ചാൽ, ഗുജറാത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ബി.ജെ.പിയുടെ സി.ആർ.പാട്ടീലിന്റെ റെക്കോർഡ് തകർക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
അതേസമയം, സഖ്യം ശക്തിപ്പെടുത്തുന്നതിലല്ല, തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്നുംവരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് വൻ പരാജയം നേരിടേണ്ടി വരുമെന്നും അദ്ദേഹംപറഞ്ഞു.
തമിഴ്നാട്ടിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് അണ്ണാമലൈ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ബിജെപി അധികാരത്തിലെത്തിയാൽ ടാസ്മാക് ഔട്ട്ലെറ്റുകൾ അടക്കുമെന്നും കള്ള് ഷാപ്പുകൾ തുറക്കുമെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്.സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഡി.എം.കെ സർക്കാറിന് കഴിഞ്ഞില്ലെന്നും അണ്ണാമലൈ വിമർശിച്ചിരുന്നു. 'എൻ മണ്ണ് എൻ മക്കൾ' എന്ന പ്രചാരണപരിപാടിയിലായിരുന്നു വിമർശനം.