പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പി.എം.ഒ വെബ്‌സൈറ്റിലും എന്ത് പറയുന്നു?
|'എന്റെയ്ർ പൊളിറ്റിക്കൽ സയൻസ്' എന്ന് വിഷയം രേഖപ്പെടുത്തിയ എം.എ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് വിവരം നൽകേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവോടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിലും 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലും പറയുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൾ എന്താണെന്ന് നോക്കാം. ഗുജറാത്ത് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ ബിരുദം നേടിയെന്നാണ് 'നൗ ദി പിഎം' എന്ന തലക്കെട്ടിൽ പി.എം.ഒ വെബ്‌സൈറ്റിൽ പറയുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കുറേക്കൂടി വിവരങ്ങളുണ്ട്. 1967ൽ ഗുജറാത്ത് എസ്.എസ്.സി ബോർഡിന് കീഴിലായി എസ്.എസ്.സി, 1978ൽ ഡൽഹി സർവകാശാലയിൽനിന്ന് ബാച്ച്‌ലർ ഓഫ് ആർട്‌സ്, 1983ൽ അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽനിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് എന്നിങ്ങനെ വിദ്യാഭ്യാസം നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖയിലുള്ളത്.
2018ൽ ശ്രീകാന്തെന്ന വ്യക്തി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ പി.എം.ഒ വെബ്‌സൈറ്റിൽ 'നൗ ദി പിഎം' എന്ന ഭാഗത്തുണ്ടാകുമെന്നായിരുന്നു മറുപടി.
2016ൽ അരവിന്ദ് കെജ്‌രിവാളിന് നരേന്ദ്രമോദിയുടെ എം.എ ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടതിനെ തുടർന്ന് ഗുജറാത്ത് സർവകലാശാല വൈസ് ചാൻസ്‌ലർ എം.എൻ. പട്ടേൽ ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. 'നരേന്ദ്ര ദാമോദർ ദാസ് മോദി 1983ൽ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ എം.എ ബിരുദം നേടി. വിദൂര വിദ്യാഭ്യാസം വഴി 800 മാർക്കിൽ 499 ഉം കൈവരിച്ചു. ഇത് 62.3 ശതമാനമാണ് വരിക' അന്ന് എം.എൻ പട്ടേൽ പറഞ്ഞതായി പി.ടി.ഐയെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. എം.എയുടെ ആദ്യ വർഷത്തിൽ 400 മാർക്കിൽ 237ഉം രണ്ടാം വർഷത്തിൽ 400 മാർക്കിൽ 262ഉം നേടിയതായും ഗുജറാത്ത് സർവകലാശാല വി.സി അന്ന് അറിയിച്ചു. മോദിയുടെ ബിഎ ബിരുദത്തിന്റെയും എംഎ ബിരുദത്തിന്റെയും കൃത്യമായ നമ്പറും വർഷവുമാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, 'എന്റെയ്ർ പൊളിറ്റിക്കൽ സയൻസ്' എന്ന് വിഷയം രേഖപ്പെടുത്തിയ എം.എ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലോകത്ത് എന്റെയ്ർ പൊളിറ്റിക്കൽ സയൻസി'ൽ മോദിയ്ക്ക് മാത്രമേ എം.എയുള്ളൂവെന്നും ഇത് തമാശയല്ലെന്നും കുറിപ്പോടെ സ്വീഡനിലെ ഉപ്പാസാല സർവകലാശാലയിലെ ഗവേഷകനായ അശോക് സ്വയ്‌നടക്കം ഈ സർട്ടിഫിക്കറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
മോദിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങൾ കെജ്രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ചുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) 2016 ലെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ഇന്നാണ് റദ്ദാക്കിയത്. ഗുജറാത്ത് സർവകലാശാലയുടെ ഹരജിയിൽ ജസ്റ്റിസ് ബീരേൻ വൈഷ്ണവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നോട്ടീസ് നൽകാതെയാണ് സിഐസി ഉത്തരവിട്ടതെന്ന് കാണിച്ചാണ് നടപടി. ഫെബ്രുവരി 9 ന് കക്ഷികളെ വിശദമായി കേട്ടതിന് ശേഷം വിധി പറയാൻ മാറ്റിവെച്ചതായിരുന്നു.
What Election Affidavit and PMO Website Say About Prime Minister's Educational Qualification?