മോദിയുടെ വിദ്വേഷപ്രസംഗം പരാജയ സൂചന മൂലം; ഓരോ ഘട്ടം കഴിയുന്തോറും ഇൻഡ്യാ സഖ്യത്തിന് കരുത്ത് കൂടുന്നു: അശോക് ഗെഹ്‌ലോട്ട്
|രാജസ്ഥാനിൽ മുൻ തവണകളിൽ ബിജെപി നേടിയ സീറ്റുകൾ കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോഘട്ടം കഴിയുമ്പോളും ഇൻഡ്യാ സഖ്യത്തിന് കരുത്ത് കൂടുകയാണെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മോദി വിദ്വേഷം പരത്തുന്നത് പരാജയസൂചനയെ തുർന്നാണ്. രാജസ്ഥാനിലെ സീറ്റുകൾ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നും ഗെഹ്ലോട്ട് മീഡിയവണിനോട് പറഞ്ഞു.
ഇൻഡ്യാ സഖ്യത്തിന്റെ ശക്തി മോദിക്ക് മനസിലായി. മോദിക്ക് ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് വിദ്വേഷപ്രസംഗം നടത്തുന്നത്. മട്ടൻ, മുസ്ലിം ലീഗിന്റെ പ്രകടന പത്രിക, മംഗല്യ സൂത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ മോദി വിവാദം ഉണ്ടാക്കുന്നതിന്റെ കാരണമിതാണ്.
അദാനിയും അംബാനിയും കോൺഗ്രസിന് ലോറിയിൽ തുക നൽകിയെന്ന ആരോപണം ഇ.ഡിയും സിബിഐയും കേസെടുത്ത് അന്വേഷിക്കണം. മോദിയെ സാക്ഷിയാക്കി കള്ളപ്പണ നിരോധന നിയമപ്രകാരം അവർക്കെതിരെ കേസെടുക്കണം. അദാനി, അംബാനി വിഷയത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് രാഹുൽ ഗാന്ധിയാണ്. എന്നിട്ടും രാഹുൽ ഗാന്ധി മൗനം പാലിച്ചെന്ന് മോദി പറയുന്നു. കള്ളപ്പണം പിടിക്കാൻ ഇ.ഡിയെയും സിബിഐയെയും വിടാൻ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്.
അതേസമയം, രാജസ്ഥാനിൽ മുൻ തവണകളിൽ ബിജെപി നേടിയ സീറ്റുകൾ കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബിജെപി കഴിഞ്ഞ രണ്ട് തവണയും 25 സീറ്റ് നേടിയെന്നത് സത്യം. എന്നാൽ ഇത്തവണ ബിജെപി മുന്നണി പൂജ്യവും ഇൻഡ്യ സഖ്യം 25ഉം നേടും. വയനാടും റായ്ബറേലിയും വിജയിച്ച ശേഷം ഏത് സീറ്റ് ഉപേക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും കോൺഗ്രസും രാജസ്ഥാനിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇരു പാർട്ടികൾക്കിടയിലും മികച്ച സഹകരമാണ്. രാജസ്ഥാനിൽ സിപിഎമ്മിന് എം.പിയുണ്ടാകും. ഇൻഡ്യാ മുന്നണിക്ക് അനുകൂലമാണ് അന്തരീക്ഷം. ബിജെപി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്. രാജസ്ഥാനിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പദ്ധതികൾ ഒന്നിനൊന്ന് മികച്ചത് ആയിരുന്നു. ഗെഹ്ലോട്ട് സർക്കാർ മികച്ചതായിരുന്നു എന്ന് ജനം ഇപ്പോൾ പറയുന്നു.
പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് ജൂൺ നാലിനു ശേഷമായിരിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഖാർഗെ, സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിക്കും. വയനാടും റായ്ബറേലിയിലും വിജയിച്ച ശേഷം ഏത് സീറ്റ് ഉപേക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.