കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോക്ക് അനുമതി നിഷേധിച്ചു
|ഒരു ലക്ഷത്തിലേറെ ആളുകള്‍ റോഡ് ഷോയില്‍ അണിനിരക്കുമെന്നാണ് ബി.ജെ.പി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡണ്ട് രമേശ് കുമാര്‍ അവകാശപ്പെട്ടിരുന്നത്.
കോയമ്പത്തൂര്‍: മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടത്താനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോക്ക് അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് തീരുമാനം. നഗരപരിധിയില്‍ നാലു കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്താനാണ് മോദി തീരുമാനിച്ചിരുന്നത്. ഇതിനായി ബി.ജെ.പി കോയമ്പത്തൂര്‍ ജില്ലാ ഘടകമാണ് പൊലീസില്‍ അപേക്ഷ നല്‍കിയിരുന്നത്.
മേട്ടുപാളയം റോഡിലെ ഇരു കമ്പനി മുതല്‍ ആര്.എസ് പുരത്തെ ഹെഡ്പോസ്റ്റ് ഓഫീസ് ജംഗ്ഷന് വരെയാണ് യാത്ര നിശ്ചയിച്ചിരുന്നത്. 1998 ഫെബ്രുവരിയില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലമാണ് ആര്.എസ് പുരം. എല്‍.കെ അദ്വാനി പ്രസംഗിക്കുന്ന വേദിക്ക് നൂറ് മീറ്റര്‍ മാത്രം അകലെയാണ് അന്ന് സ്ഫോടനമുണ്ടായത്.
ബി.ജെ.പി റോഡ് ഷോക്കായി തെരഞ്ഞെടുത്ത സ്ഥലം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലമാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യം കൂടി കണക്കിലെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു ലക്ഷത്തിലേറെ ആളുകള്‍ റോഡ് ഷോയില്‍ അണിനിരക്കുമെന്നാണ് ബി.ജെ.പി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡണ്ട് രമേശ് കുമാര്‍ അവകാശപ്പെട്ടിരുന്നത്.