'ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍'; ജനസംഖ്യാ നയം പുനപ്പരിശോധിക്കണമെന്ന് മോഹന്‍ ഭഗവത്
|അടുത്ത 50 വർഷത്തേക്ക് രാജ്യത്ത് ഒരു ജനസംഖ്യാ നയം നടപ്പിലാക്കണമെന്നും ഇത് എല്ലാ ജനവിഭാഗങ്ങൾക്കും ബാധകമാക്കണമെന്നും മോഹന്‍ ഭഗവത്
സർക്കാരിന്റെ ജനസംഖ്യാ നയം പുനപ്പരിശോധിക്കണമെന്ന് ആർ.എസ്.എസ്. ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ വേണമെന്ന വിദഗ്ദാഭിപ്രായത്തെ അനുകൂലിച്ച കേന്ദ്ര നിലപാട് പുനപ്പരിശോധിക്കപ്പെടണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ വിജയ ദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സർക്കാരിന്റെ ജനസംഖ്യാനയം പുനപ്പരിശോധിക്കപ്പെടണം. ഒരു വീട്ടിൽ രണ്ട് കുട്ടികൾ വേണമെന്ന വിദഗ്ദാഭിപ്രായത്തെ സർക്കാർ പിന്തുണക്കുകയാണ് ചെയ്തത്. ഇത് സർക്കാർ പുനപ്പരിശോധിക്കണം. രാജ്യത്ത് 50 ശതമാനത്തിലധികവും യുവാക്കളാണ്. അടുത്ത മുപ്പത് വർഷത്തിനകം അവർക്ക് വാർധക്യം ബാധിക്കും. ഇവരിൽ എത്ര പേരെ നമുക്ക് പോറ്റാൻ സാധിക്കുമെന്നും അവരിൽ എത്ര പേർ ജോലി ചെയ്യാൻ നമുക്കാവശ്യമുണ്ടെന്നും പരിശോധിക്കണം' മോഹൻ ഭഗവത് പറഞ്ഞു.
അടുത്ത അമ്പത് വർഷത്തേക്ക് രാജ്യത്ത് കൃത്യമായ ഒരു ജനസംഖ്യാ നയം നടപ്പിലാക്കണം. ഇത് എല്ലാ ജനവിഭാഗങ്ങൾക്കും ബാധകമാക്കണം. ജനസംഖ്യയിലുള്ള അസന്തുലിതത്വം രാജ്യത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മോഹൻ ഭഗവത് പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളടക്കത്തിന് രാജ്യത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലെന്നും മൊബൈൽ ഫോണുകളില്‍ കൊച്ചുകുട്ടികള്‍ കാണുന്നവയ്ക്ക് പോലും നിയന്ത്രണങ്ങളില്ലാതായെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു. നാഗ്പൂരിൽ വച്ച് നടന്ന വിജയ ദശമി ആഘോഷങ്ങളിൽ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കൊബി ശോഷാനിയായിരുന്നു പ്രധാന അതിഥി.