'കെ.ജി കുട്ടികളെ വരെ സ്വകാര്യ അവയവങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു; ഇടതുപക്ഷം ലോകത്തിന്റെ ശത്രുക്കള്‍'; കടന്നാക്രമിച്ച് മോഹൻ ഭാഗവത്
|''അമേരിക്കൻ സംസ്‌കാരത്തെ മലിനമാക്കാനുള്ള ഇടതുപക്ഷത്തിന്റെ പദ്ധതി വിജയിച്ചിട്ടുണ്ട്. ട്രംപിനുശേഷം വന്ന ഭരണകൂടത്തിന്‍റെ ആദ്യ ഉത്തരവ് വിദ്യാർത്ഥികളോട് അവരുടെ ലിംഗത്തെക്കുറിച്ച് ചോദിക്കരുതെന്നായിരുന്നു.''
മുംബൈ: ഇടതുപക്ഷത്തെ കടന്നാക്രമിച്ച് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇടതുപക്ഷം ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ശത്രുക്കളാണ്. കിന്റർഗാർട്ടൻ കുട്ടികൾക്കു വരെ സ്വന്തം സ്വകാര്യ അവയവങ്ങളെക്കുറിച്ച് അറിയാം. അതിനു കാരണം ഇടതുപക്ഷ ആവാസവ്യവസ്ഥയാണെന്നും ഭാഗവത് ആക്ഷേപിച്ചു.
'ജഗല പൊക്കർനാനി ദാവി വാൽവി' എന്ന പേരിലുള്ള ഇടതുപക്ഷ വിമർശന കൃതി പൂനെയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ''ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശിച്ചപ്പോൾ കെ.ജി സ്‌കൂളിലുള്ള ഒരു നിർദേശം എന്നെ ഒരു സന്ന്യാസി കാണിച്ചു. കെ.ജി വിദ്യാർത്ഥികൾക്കു തങ്ങളുടെ സ്വകാര്യ അവയവങ്ങളെ കുറിച്ച് അറിയുമോ എന്ന് പരിശോധിക്കാൻ അതിൽ അധ്യാപകരോട് ആവശ്യപ്പെടുന്നുണ്ട്. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം അത്രയും കടന്നിരിക്കുകയാണ്.''-അദ്ദേഹം കുറ്റപ്പെടുത്തി.
''പടിഞ്ഞാറൻ രാജ്യങ്ങളിലെ ഇടതുപക്ഷം നമ്മുടെ സംസ്‌കാരത്തിലെ എല്ലാ വിശിഷ്ട സംഗതികൾക്കെതിരെയും നിലയുറപ്പിച്ച് ആക്രമണം ആരംഭിച്ചിരിക്കുകയാണ്. അതിന്റെ പേരിൽ സമൂഹമാണ് അനുഭവിക്കുന്നത്. മനുഷ്യസ്വഭാവങ്ങളെല്ലാം മൃഗീയമായ വികാരങ്ങളോട് താല്‍പര്യം കാണിച്ചുതുടങ്ങിയിരിക്കുന്ന. ആ പ്രതിസന്ധി ഇന്ത്യയ്ക്കുമേലും നിലനിൽക്കുന്നുണ്ട്. ഇതു നമ്മുടെ കുടുംബങ്ങളിലും എത്തിയിട്ടുണ്ട്. ഇന്ത്യൻ സമൂഹം അതേക്കുറിച്ച് ജാഗ്രത പാലിക്കണം.''
അമേരിക്കൻ സംസ്‌കാരത്തെ മലിനമാക്കാനുള്ള ഇടതുപക്ഷത്തിന്റെ പദ്ധതി വിജയിച്ചിട്ടുണ്ടെന്നും ഭാഗവത് ആരോപിച്ചു. ട്രംപിനുശേഷം വന്ന ഭരണകൂടത്തിന്‍റെ ആദ്യ ഉത്തരവ് വിദ്യാർത്ഥികളോട് അവരുടെ ലിംഗത്തെക്കുറിച്ച് ചോദിക്കരുതെന്നായിരുന്നു. അതു വിദ്യാർത്ഥികൾക്കു സ്വന്തമായി തീരുമാനിക്കാനാകണം. ഒരു ആൺകുട്ടി താൻ പെണ്ണാണെന്നു പറഞ്ഞാൽ അവനെ പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ പോകാൻ അനുവദിക്കണമെന്നാണ്. ഇടതുപക്ഷം ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും മാത്രമല്ല, ലോകത്തിന്റെ മൊത്തം ശത്രുക്കളാണ്. തങ്ങൾ ശക്തരും ദൈവങ്ങളുമാണെന്നാണ് അവരുടെ വിചാരം. ശാസ്ത്രജ്ഞരെന്നാണ് അവർ സ്വയം വിളിക്കുന്നത്. എന്നാൽ, അതങ്ങനെയല്ല. നമ്മുടെ ലോകത്തെക്കുറിച്ച് അവർ സൃഷ്ടിച്ച ആശയക്കുഴപ്പം ഇല്ലാതാക്കണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
Summary: RSS chief Mohan Bagwat blames 'leftist attack' cites kids' 'private parts' lesson in Kindergarten