കശ്മീരി പണ്ഡിറ്റുകൾ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തു, ആരും തടയില്ല-മോഹൻ ഭഗവത്
|'കശ്മീർ ഫയൽസ്' സിനിമയെ ആർഎസ്എസ് മേധാവി പ്രശംസിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ യഥാർഥ ചരിത്രം മനസ്സിലാക്കാൻ സിനിമ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: 1990ൽ സ്വന്തം നാട്ടിൽനിന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ വീടുകളിലേക്ക് മടങ്ങുന്ന സമയം അടുത്തെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നവ്രേഹ് ആഘോഷത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദം കാരണമാണ് കശ്മീർ വിട്ടത്. മടങ്ങിയെത്തുമ്പോൾ സുരക്ഷയും ഉപജീവനവും ഉറപ്പുനൽകിക്കൊണ്ട് ഹിന്ദുക്കളായും ഭാരതഭക്തരായും മടങ്ങുമെന്ന് കശ്മീരി പണ്ഡിറ്റുകൾ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി പലായനത്തിന്റെ പ്രയാസവുമായാണ് കശ്മീരി പണ്ഡിറ്റുകൾ ജീവിക്കുന്നത്. തോൽക്കാതെ വെല്ലുവിളികൾ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസിനെ ആർഎസ്എസ് മേധാവി പ്രശംസിച്ചു. കശ്മീരി പണ്ഡിറ്റുകൾ സ്വന്തം മണ്ണിൽ നിന്ന് പുറത്തായതിന്റെ യഥാർഥ ചിത്രം നൽകുന്നതാണ് സിനിമയെന്ന് അദ്ദേഹം പറഞ്ഞു.