India
Mohan Charan Majhi to be new Odisha Chief Minister
India

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി

Web Desk
|
11 Jun 2024 2:22 PM GMT

ഭുബനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം.

ഭുബനേശ്വർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ച ഒഡിഷയിൽ പുതിയ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി. 52കാരനായ മാജിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് പ്രഖ്യാപിച്ചത്. ഭുബനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബി.ജെ.പി മുഖ്യമന്ത്രി വരുന്നത്.

പാർട്ടിയുടെ സംസ്ഥാനത്തെ അറിയപ്പെടുന്ന ആദിവാസി നേതാവായ മാജി കിയോഞ്ജർ നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. കിയോഞ്ജറിൽ നിന്നും ഇത് നാലാം തവണയാണ് മാജി നിയമസഭയിലെത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരെയും തെരഞ്ഞെടുത്തായി രാജ്നാഥ് സിങ് അറിയിച്ചു. കനക് വർധൻ സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.

ഒഡീഷ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞദിവസം ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നിരുന്നു. കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിൽ മുതിര്‍ന്ന നേതാക്കളും പുതിയ എം.പിമാരും എംഎല്‍എമാരും പങ്കെടുത്ത യോ​ഗം മുഖ്യമന്ത്രിയായി മാജിയെ യോ​ഗം ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും മറ്റു ബിജെപി മുഖ്യമന്ത്രിമാരും പ്രധാന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

കിയോഞ്ജറിൽ നിന്നും 87,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാജി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെഡിയുടെ മിനാ മാജി, കോൺ​ഗ്രസിന്റെ പ്രതിവ മഞ്ജരി നായ്ക് എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടരപ്പതിറ്റാണ്ടായി അധികാരത്തിലിരുന്ന ബിജു ജനതാദളിനെ പരാജയപ്പെടുത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു. 147 അം​ഗ നിയമസഭയിൽ 51 സീറ്റുകൾ മാത്രമാണ് ബിജെഡി നേടിയത്. 78 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 14 സീറ്റുകൾ കോൺ​ഗ്രസും മൂന്നു സീറ്റുകൾ സ്വതന്ത്രരും സിപിഎം ഒരു സീറ്റും നേടി.

ബിജെപിയുമായി സഖ്യചർച്ചകൾ നടന്നിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഇതോടെ ബിജെഡി ഒറ്റയ്ക്ക് തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെഡിയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

2000 മാർച്ച് അഞ്ചിനാണ് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടിവന്നിരുന്നില്ല. എന്നാൽ 24 വർഷം നീണ്ട ഭരണത്തിന് തടയിടുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ബിജെഡിയുടെ പരാജയത്തിനു പിന്നാലെ ജൂൺ അഞ്ചിന് നവീൻ പട്നായിക് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.



Similar Posts