'അമ്മയെന്റെ ചോക്ലേറ്റ് അടിച്ചുമാറ്റുന്നു; ജയിലിലടയ്ക്കണം'; പൊലീസിൽ പരാതിയുമായി മൂന്ന് വയസുകാരൻ
|ചിരിച്ചുകൊണ്ട് കുരുന്നിന്റെ പരാതി ശ്രദ്ധാപൂർവം കേട്ട പൊലീസുകാരി ഓരോ പരാതിയും രേഖപ്പെടുത്തി.
അമ്മയ്ക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി മൂന്ന് വയസുകാരൻ. അമ്മ തന്റെ ചോക്ലേറ്റ് അടിച്ചുമാറ്റുന്നുവെന്ന് പറഞ്ഞാണ് കുരുന്ന് പൊലീസിലെത്തിയത്. 'മിഠായികളും ചോക്ലേറ്റുകളും അമ്മ തരുന്നില്ല, എല്ലാം അടിച്ചുമാറ്റുന്നു' എന്നായിരുന്നു കുട്ടിയുടെ പരാതി.
മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ദേധ്തലായ് ഗ്രാമത്തിലാണ് രസകരമായ സംഭവം. ''മമ്മ എന്റെ ചോക്കലേറ്റുകൾ അടിച്ചുമാറ്റുന്നു. അവരെ ഉടൻ ജയിലിൽ അടയ്ക്കണം''- സ്റ്റേഷനിലെത്തിയ കുട്ടി വനിതാ പൊലീസുകാരിയോട് പറഞ്ഞു.
ചോക്ലേറ്റും മിഠായിയും ചോദിക്കുമ്പോൾ അമ്മ അടിക്കുമെന്നും കുട്ടി പറഞ്ഞു. ചിരിച്ചുകൊണ്ട് കുരുന്നിന്റെ പരാതി ശ്രദ്ധാപൂർവം കേട്ട പൊലീസുകാരി ഓരോ പരാതിയും രേഖപ്പെടുത്തി. കുട്ടി പറയുന്നത് കേട്ട് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാരും പൊട്ടിച്ചിരിച്ചു. പിതാവിനൊപ്പമാണ് കുട്ടി സ്റ്റേഷനിലെത്തിയത്.
"അവന്റെ അമ്മ അവനെ കുളിപ്പിച്ച ശേഷം കണ്ണിൽ കൺമഷി ഇടുകയായിരുന്നു. എന്നാൽ അവൻ ചോക്ലേറ്റ് കഴിക്കാൻ നിർബന്ധിച്ച് അവളെ ശല്യപ്പെടുത്തുകയും അവൾ അവനെ ചെറുതായി അടിക്കുകയും ചെയ്തു. തുടർന്ന് അവൻ കരയാൻ തുടങ്ങി. അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ അവനെ ഇവിടെ കൊണ്ടുവന്നത്"- പിതാവ് പറഞ്ഞു.
കുട്ടിയുടെ പരാതി കേട്ട് എല്ലാവരും ചിരിച്ചുവെന്ന് സബ് ഇൻസ്പെക്ടർ പ്രിയങ്ക നായക് പറഞ്ഞു. "പിന്നീട്, അവന്റെ അമ്മയ്ക്ക് മോശമായ ഉദ്ദേശ്യമൊന്നുമില്ലെന്ന് ഞാൻ അവനോട് വിശദീകരിച്ചു. കുറച്ചുസമയത്തിനു ശേഷം അവൻ വീട്ടിലേക്ക് പോയി"- അദ്ദേഹം വ്യക്തമാക്കി.