India
കള്ളപ്പണം വെളുപ്പിക്കൽ: ഡൽഹി ആരോഗ്യമന്ത്രിയെ ജൂൺ ഒമ്പത് വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ട് കോടതി
India

കള്ളപ്പണം വെളുപ്പിക്കൽ: ഡൽഹി ആരോഗ്യമന്ത്രിയെ ജൂൺ ഒമ്പത് വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ട് കോടതി

Web Desk
|
31 May 2022 11:30 AM GMT

മന്ത്രിയുടെ അറസ്റ്റ് ബി.ജെ.പിയും ആം ആദ്മിയും തമ്മിലുള്ള കൊമ്പ് കോർക്കലിന് തീവ്രത കൂട്ടിയിരിക്കുകയാണ്

ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ ജൂൺ ഒമ്പത് വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ഭൂമി വാങ്ങി കൂട്ടാനും വായ്പ തിരിച്ചടക്കാനും മന്ത്രി ഹവാല പണം ഉപയോഗിച്ചെന്നാണ് ഇ.ഡിയുടെ വാദം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ആം ആദ്മി വ്യക്തമാക്കുന്നത്. 2015-16 കാലയളവിലാണ് മന്ത്രി കൊൽക്കത്ത ആസ്ഥാനമായുള്ള സ്ഥാപനവുമായി ഹവാല ഇടപാടിൽ ഏർപ്പെട്ടത്. ആം ആദ്മി പാർട്ടി നേതാവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിന് രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്. തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ജനുവരിയിൽ ഒരു റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ അറസ്റ്റ് ബി.ജെ.പിയും ആം ആദ്മിയും തമ്മിലുള്ള കൊമ്പ് കോർക്കലിന് തീവ്രത കൂട്ടിയിരിക്കുകയാണ്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ആപ് കടന്നു കയറുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഹിമാചൽ പ്രദേശിൽ ആം ആദ്മി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന ജെയിനിനെ അടിസ്ഥാനരഹിതമായ കേസിൽ കുടുക്കുന്നു എന്നാണ് മനീഷ് സിസോദിയയുടെ ആരോപണം. ജയിനെതിരെ സി.ബി. ഐ നേരത്തേ തന്നെ കെസ് രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് ഘട്ടങ്ങളിളായി കോടിക്കണക്കിനു രൂപ വെളുപ്പിച്ചെന്നാണ് സി.ബി.ഐ ആരോപണം. കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയെയും തുല്യ ശക്തിയായി ബി.ജെ.പി പരിഗണിക്കാൻ തുടങ്ങുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

Similar Posts