India
താജ്മഹൽ കാണാനെത്തിയ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു;  10 ദിവസത്തിനിടെ നാലാമത്തെ സംഭവം
India

താജ്മഹൽ കാണാനെത്തിയ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം

Web Desk
|
20 Sep 2022 7:45 AM GMT

വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് രക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍

ആഗ്ര: താജ്മഹൽ കാണാനെത്തി വിനോദസഞ്ചാരിയായ സ്പാനിഷ് വനിതയെ കുരങ്ങുകൾ ആക്രമിച്ചു. യുവതിയുടെ ഇടതുകാലിനാണ് പരിക്കേറ്റത്. അലറിക്കരഞ്ഞ യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. എന്നാൽ ആശുപത്രിയിൽ തുടർചികിത്സക്ക് ആശുപത്രിയിൽ പോകാൻ പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു. ഭർത്താവിനൊപ്പമാണ് ഇവർ താജ്മഹൽ കാണാനെത്തിയത്.

കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. വർധിച്ചുവരുന്ന കുരങ്ങ് ശല്യത്തിന് പരിഹാരവും കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും പ്രാദേശിക അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് സഞ്ചാരികൾ ആരോപിക്കുന്നു.

കുരങ്ങിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് താജ്മഹലിലെ എഎസ്ഐയുടെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. അവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ഒരു ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.യുവതി ഔപചാരികമായ പരാതിയൊന്നും നൽകിയില്ലെന്നും ഇവർ വ്യക്തമാക്കി.

വിനോദസഞ്ചാരികൾക്ക് നേരെ കുരങ്ങുകളുടെ ആക്രമണം വർധിക്കുന്നതായി സീനിയർ ടൂറിസ്റ്റ് ഗൈഡ് മോണിക ശർമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കുരങ്ങ് ശല്യത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വനംവകുപ്പിനും കത്തയച്ചിട്ടുണ്ടെന്നും സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു. കുരങ്ങുകളുടെ കൂടെ ഫോട്ടോയെടുക്കുന്നതും അവരുമായി കൂട്ടുകൂടാൻ നോക്കുന്നതും വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts