India
‘Monsters’, Mahua Moitra after BJP leaders seen on stage with Bilkis Banos rapist
India

'രാക്ഷസന്മാർ; നീതിയെ പരിഹസിക്കുന്ന ഈ പൈശാചിക സർക്കാരിനെ​ തൂത്തെറിയണം': ബിൽക്കിസ് ബാനു കേസ് പ്രതി സർക്കാർ പരിപാടിയിൽ പങ്കെടുത്തതിൽ മഹുവ മൊയ്ത്ര

Web Desk
|
27 March 2023 3:26 AM GMT

പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് ആണ് സർക്കാർ പരിപാടിയിൽ പങ്കെടുത്തത്.

ന്യൂഡൽഹി: ഗുജറാത്തിൽ സംസ്ഥാന ബിജെപി സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസ് പ്രതി പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് എം.പി മഹുവ മൊയ്ത്ര. പ്രതികളെ രാക്ഷസന്മാർ എന്ന് വിശേഷിപ്പിച്ച മഹുവ, നീതിയെ പരിഹസിക്കുന്നതിനെ വാഴ്ത്തുന്ന പൈശാചിക സർക്കാരിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

'ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസ് പ്രതി ഗുജറാത്തിലെ ബിജെപി എം.പിക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിടുന്നു. ഈ രാക്ഷസന്മാരെ ജയിലിൽ തിരികെയെത്തുന്നതും പിന്നീട് പുറത്തുവിടാതിരിക്കുന്നതും എനിക്ക് കാണണം. നീതിയെ പരിഹസിക്കുന്നതിനെ വാഴ്ത്തുന്ന ഈ പൈശാചിക സർക്കാരിനെ തൂത്തെറിയണം. ഇന്ത്യ അതിന്റെ ധാർമിക സ്ഥിതി വീണ്ടെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'- അവർ ട്വീറ്റ് ചെയ്തു.

ദാഹോദ് ജില്ലയിലെ കർമാഡി ​ഗ്രാമത്തിൽ നടന്ന ​ഗ്രൂപ്പ് വാട്ടർ സപ്ലെ സ്കീം പരിപാടിയിലാണ്, ​2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയും പങ്കെടുത്തത്. പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് ആണ് സർക്കാർ പരിപാടിയിൽ പങ്കെടുത്തത്.

കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ബിൽക്കിസ് ബാനുവിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരി​ഗണിക്കാനിരിക്കെയാണ് കഴിഞ്ഞദിവസം സർക്കാർ തന്നെ പ്രതികളിലൊരാളെ വേദിയിലേക്ക് ആനയിച്ചത്. പരിപാടിയിൽ ദാഹോദ് എം.പി ജസ്വന്ത് സിൻ ഭാഭോറും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറുമാണണ് ശൈലേഷ് ചിമൻലാൽ ഭട്ടിനൊപ്പം വേദി പങ്കിട്ടത്.

ഇരുവരും ഇയാൾക്കൊപ്പം വേദിയിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിൽ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഭട്ട് പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ഇരുനേതാക്കളും ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തെങ്കിലും അതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

പ്രതികളെ ജയിൽ മോചിതരാക്കിയ നടപടി വൻ വിവാദമാവുകയും ദേശീയതലത്തിൽ തന്നെ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. നടപടിക്കെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജി സുപ്രിംകോടതിയിലെ പുതിയ ബെഞ്ചാണ് ഇന്ന് പരിഗണിക്കുക. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക. മൊഹുവ മൊയ്ത്ര, സിപിഎം പി.ബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്.

15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബിജെപി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

സുപ്രിംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഗുജറാത്ത് മുൻ നിയമ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബേല എം ത്രിവേദി ബെഞ്ചിൽ നിന്ന് പിന്മാറിയതോടെയാണ് കേസ് പരിഗണിക്കുന്നത് നീണ്ടുപോയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കിസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്ന് വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് പേരെ അക്രമികൾ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.





Similar Posts