കടം വീട്ടാന്‍ യുവതിയുടെ കാല്‍പ്പാദം മുറിച്ച് കൊലുസ് മോഷ്ടിച്ച കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍
|രാജസ്ഥാനിലെ ജയ്പൂരില്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്
കടം വീട്ടാനായി യുവതിയെ കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ച് വെള്ളിക്കൊലുസ് മോഷ്ടിച്ച കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഖേത്പുര ഗ്രാമത്തില്‍ നിന്നുള്ള പവന്‍കുമാറാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കന്നുകാലികളെ മേയ്ക്കാൻ പോയ ഗീതാദേവി എന്ന സ്ത്രീയെ പവൻകുമാർ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗീതാദേവിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നതുകൊണ്ട് കൊലപാതകമാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിരുന്നില്ല. സിസി ടിവി ദൃശ്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് മൂവായിരത്തോളം പേരെ ചോദ്യം ചെയ്തതായി അഡീഷണൽ എസ്.പി ധർമേന്ദ്ര കുമാർ യാദവ് പറഞ്ഞു. പവന്‍ കുമാറിനൊപ്പം ഇയാള്‍ ആഭരണങ്ങള്‍ വിറ്റ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയെ 'തീൻ പാട്ടി' എന്ന മൊബൈൽ ഗെയിമിന് അടിമയാണെന്നും മൊബൈൽ ഗെയിമിൽ പ്രതിക്ക് 20,000 രൂപ നഷ്ടപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പവന്‍കുമാറിന് ഗീതയെക്കുറിച്ചും അവര്‍ ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഗീതയുടെ ഓരോ നീക്കങ്ങളും പ്രതി അറിഞ്ഞിരുന്നു. പവന്‍ കുമാര്‍ കോടാലി ഉപയോഗിച്ച് ഗീതാദേവിയുടെ പാദങ്ങൾ വെട്ടുകയും തലയിലും കഴുത്തിലും അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.