India
Moon should be removed from Pakistan flag says hindu mahasabha leader swami chakrapani maharaj
India

'പാകിസ്താൻ പതാകയിൽ നിന്ന് ചന്ദ്രനെ മാറ്റണം; ഇല്ലെങ്കിൽ മാനനഷ്ടക്കേസ് നൽകും'; വിവാദ ഹിന്ദുമഹാസഭാ നേതാവ്

Web Desk
|
28 Aug 2023 1:58 PM GMT

ഈ രണ്ട് ആവശ്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചതായും ചക്രപാണി ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: പാകിസ്താൻ പതാകയിൽ നിന്ന് ചന്ദ്രനെ ഒഴിവാക്കണമെന്ന് ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി. ഇല്ലെങ്കിൽ ഐക്യരാഷ്ട്രസഭയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും വിവാദ ഹിന്ദുത്വവാദി നേതാവ് പറയുന്നു. ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയ ആളാണ് ചക്രപാണി. ഈ രണ്ട് ആവശ്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചതായും ചക്രപാണി ട്വീറ്റ് ചെയ്തു. ഈ കത്തും ഇയാൾ തന്റെ എക്‌സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

ഒന്നുകിൽ പാകിസ്താൻ തീവ്രവാദം അവസാനിപ്പിക്കണം. അല്ലെങ്കിൽ അവരുടെ പതാകയിൽ നിന്ന് ചന്ദ്രനെ മാറ്റണം. ഇല്ലെങ്കിൽ ഐക്യരാഷ്ട്രസഭയിൽ മാനനഷ്ടക്കേസ് നൽകും- ചക്രപാണി പറയുന്നു. ചന്ദ്രനെ ഹിന്ദു സനാതന രാഷ്ട്രമായി ഇന്ത്യൻ പാർലമെന്റ് പ്രഖ്യാപിക്കണമെന്നും ചന്ദ്രയാൻ-3 ലാൻഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നുമാണ് ഇയാൾ ഇന്നലെ ആവശ്യപ്പെട്ടത്. കാരണം ജിഹാദി മനഃസ്ഥിതിയുള്ള ഒരാളും അവിടെയെത്തരുതെന്നും മറ്റു മതങ്ങൾ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് മുമ്പ് ഇന്ത്യ അധികാരം പ്രഖ്യാപിക്കണമെന്നും ഇയാൾ പറഞ്ഞിരുന്നു. തന്റെ എക്‌സ് ഹാൻഡിലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇയാൾ വിചിത്ര ആവശ്യം ഉന്നയിച്ചത്.

ഭഗവാൻ ശിവന്റെ തലയിൽ ചന്ദ്രൻ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമ്പോൾ ശിവശക്തി പോയിന്റിൽ ശിവ, പാർവതി, ഗണേശ ക്ഷേത്രങ്ങൾ നിർമിക്കാൻ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു. വിവാദ പരാമർശങ്ങളിലൂടെ മുമ്പും വാർത്തകളിൽ ഇടംപിടിച്ചയാളാണ് സ്വാമി ച്ക്രപാണി മഹാരാജ്.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ശിവശക്തി പോയിന്റ് പ്രഖ്യാപനം. വിക്രം ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിൽ അറിയപ്പെടുമെന്നും ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായി എത്തിയതായിരുന്നു മോദി.



Similar Posts